ഇടുക്കിയിൽ പൊങ്കൽ ആഘോഷിക്കാൻ അമ്മ വീട്ടിലെത്തിയ രണ്ടരവയസ്സുകാരൻ പുഴയിൽ വീണുമരിച്ചു
Mail This Article
രാജകുമാരി (ഇടുക്കി)∙ കളിക്കുന്നതിനിടെ പന്നിയാർ പുഴയിൽ വീണ രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു. തേനി സ്വദേശികളായ കണ്ണൻ - ഭുവനേശ്വരി ദമ്പതികളുടെ ഇളയ മകൻ മിത്രൻ (രണ്ടര) ആണ് മരിച്ചത്. പൊങ്കൽ ആഘോഷത്തിനായി അമ്മ ഭുവനേശ്വരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
2.45 നാണ് മിത്രൻ സഹോദരൻ ലളിത് കുമാറിനൊപ്പം വീടിനോടു ചേർന്നൊഴുകുന്ന പന്നിയാർ പുഴയുടെ കരയിൽ എത്തിയത്. മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോടു പറയാനായി സഹോദരൻ ലളിത്കുമാർ വീട്ടിലേക്കു പോയ ഉടൻ കുട്ടി ഒഴുക്കിൽപ്പെട്ടു. നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ 100 മീറ്റർ അകലെ പുഴയിലുള്ള മരക്കുറ്റിയിൽ തങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.