‘വാഗ്ദാനം ചെയ്തതിലും അൽപം വലുപ്പം’; ധാരാവിക്കാർക്ക് ഇനി 350 ചതുരശ്രയടി ഫ്ലാറ്റ്
Mail This Article
മുംബൈ∙ ധാരാവി പുനർവികസന പദ്ധതിയിൽ സ്ഥലവാസികൾക്കു നേരത്തെ വാഗ്ദാനം ചെയ്തതിലും വലിപ്പമുള്ള ഫ്ലാറ്റുകൾ നൽകുമെന്ന് നിർമാണ കരാർ നേടിയ അദാനി ഗ്രൂപ്പ് അറിയിച്ചു. 350 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റുകൾ ആണ് നൽകുക. നേരത്തെ വാഗ്ദാനം ചെയ്തതിലും 17 ശതമാനം കൂടുതലാണ് വിസ്തീർണം. ഫ്ലാറ്റുകൾക്ക് അടുക്കളയും ശുചിമുറികളും ഉണ്ടാകും. നിലവിൽ പൊതുശുചിമുറികൾ ഉപയോഗിക്കുന്നവരാണ് താമസക്കാരിൽ ഏറെയും.
2000 ജനുവരി 1 വരെയുള്ള താമസക്കാരാണ് പുനരധിവാസ പദ്ധതി പ്രകാരം ഫ്ലാറ്റ് ലഭിക്കാൻ അർഹർ. അർഹതയില്ലാത്ത താമസക്കാർക്ക് സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഇവിടെ തന്നെ വാടക വീടുകൾ ക്രമീകരിക്കും. ധാരാവിയെ രാജ്യാന്തര നിലവാരത്തിലുള്ള വാണിജ്യ, വ്യാവസായിക കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ, തൊഴിൽ പരിശീലനം എന്നിവയിലൂടെ ധാരാവി നിവാസികളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നു. ഉദ്യാനം, ആശുപത്രി, കുട്ടികൾക്കുള്ള ഡേ-കെയർ സെന്റർ, കമ്യൂണിറ്റി ഹാൾ തുടങ്ങിയ സംവിധാനങ്ങളും ക്രമീകരിക്കും.
കഴിഞ്ഞ ജൂലൈയിലാണ് ധാരാവി പുനർവികസന പദ്ധതിയുടെ കരാർ സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയത്. ചേരിപ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുനീക്കി താമസക്കാർക്ക് പുതിയ ഫ്ലാറ്റുകൾ നിർമിച്ചു നൽകുമ്പോൾ ഇവിടെ തന്നെ പാർപ്പിട, വാണിജ്യ സമുച്ചയങ്ങൾ നിർമിച്ച് വിൽക്കാനും അദാനി ഗ്രൂപ്പിന് കഴിയും. എന്നാൽ ധാരാവി പുനർവികസനത്തിലേക്ക് നീങ്ങുമ്പോൾ കിടപ്പാടവും ഉപജീവനമാർഗവും നഷ്ടപ്പെടുമോ എന്ന ആശങ്ക സ്ഥലവാസികളിൽ പലർക്കുമുണ്ട്.
പുനർവികസന കരാർ നേടിയ അദാനിക്ക് കോടിക്കണക്കിനു രൂപയുടെ നേട്ടം ലഭിക്കുമ്പോൾ ചേരിനിവാസികൾ വഴിയാധാരമാകുന്നത് അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷത്തെ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും വ്യക്തമാക്കിയിരുന്നു. ധാരാവി നിവാസികൾക്ക് 400-500 ചതുരശ്ര അടി വരുന്ന ഫ്ലാറ്റെങ്കിലും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ ലഭിക്കണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.