തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിലും പങ്കെടുത്തിരുന്നു. ശേഷം കൊച്ചിയിലേക്ക് തിരിച്ചു.
Prayed at the sacred Guruvayur Temple. The divine energy of this Temple is immense. I prayed that every Indian be happy and prosperous. pic.twitter.com/eFpxWaa9BL
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തിയ പ്രധാനമന്ത്രി, വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തു. ശ്രീരാമ ഭജനവും ആസ്വദിച്ചു. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ഗുരുവായൂരിൽ നിന്നും ഹെലികോപ്റ്ററിൽ വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം, അവിടെ നിന്നും കാറിലാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. രണ്ടു ഹെലികോപ്റ്ററുകളിലാണ് പ്രധാനമന്ത്രിയും സംഘവും തൃപ്രയാറിൽ എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.
#WATCH | Prime Minister Narendra Modi performs pooja and darshan at Guruvayur Temple in Guruvayur, Kerala. pic.twitter.com/rm8j7aii9W
എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി, ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.
തൃപ്രയാർ ക്ഷേത്ര ദർശനം കഴിഞ്ഞ് കൊച്ചിയിലേക്കുള്ള മടക്കയാത്രയിൽ, കാറിന്റെ ഡോർ തുറന്ന് ഫുട്ട് സ്റ്റെപ്പിൽ എഴുന്നേറ്റുനിന്ന് പുറത്തു തടിച്ചുകൂടിയവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. മണിക്കൂറുകളോളം കാത്തു നിന്നവർക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം ആവേശമായി. റോഡ് ഷോയ്ക്ക് സമാനമായിരുന്നു പ്രധാനമന്ത്രിയുടെ തൃപ്രയാറിൽ നിന്നുള്ള മടക്കം.
കൊച്ചിയിലെത്തിയ ശേഷം, ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. വൈകിട്ട് 6.50നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയശേഷം റോഡ് മാർഗം എംജി റോഡ് വഴി കെപിസിസി ജംക്‌ഷനിലെത്തി. അവിടെ നിന്ന് ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.