ഗുരുവായൂർ ക്ഷേത്രത്തിൽ വധൂവരന്മാരെ അക്ഷതം നൽകി അനുഗ്രഹിച്ച് പ്രധാനമന്ത്രി – വിഡിയോ
Mail This Article
തൃശൂർ∙ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരൻമാരെ അക്ഷതം നൽകി അനുഗ്രഹിച്ചു. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങിൽ പങ്കെടുത്തിന് ശേഷമാണ് തൊട്ടടുത്ത വേദിയിൽ നടന്ന താലികെട്ട് ചടങ്ങിലെ 10 നവദമ്പതികളെ അക്ഷതം നൽകി അനുഗ്രഹിച്ചത്. ഇതിനുശേഷം വധൂവരന്മാർക്ക് പ്രധാനമന്ത്രിയോടൊപ്പം ഫോട്ടോയെടുക്കുന്നതിനും അവസരമുണ്ടായിരുന്നു. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ നരേന്ദ്ര മോദി അൽപ്പസമയത്തിനകം തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോയി.
ഗുരുവായൂർ വിവാഹമണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും ഗുരുവായൂർ തന്ത്രി ചേനാസ് നമ്പൂതിരിപ്പാടും പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം വിവാഹത്തിന് സാക്ഷ്യം വഹിച്ചു. ജയറാം, ദിലീപ്, ഖുശ്‌ബു തുടങ്ങിയവരും ഗുരുവായൂരിലെത്തിയിരുന്നു. വധൂവരന്മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു.
ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. ഗുരുവായൂർ ശ്രീവത്സവം ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലേക്കെത്തിയത്.