യഥാർഥ ശിവസേന വിഷയത്തിൽ ഷിൻഡെയെയും സ്പീക്കറെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഉദ്ധവ്
Mail This Article
മുംബൈ∙ യഥാർഥ ശിവസേന ഏതെന്ന വിഷയത്തിൽ പരസ്യ സംവാദത്തിന് തയാറാകാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെയും നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെയും ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഷിൻഡെ വിഭാഗത്തെ യഥാർഥ ശിവസേനയായി പ്രഖ്യാപിച്ച നർവേക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ വെല്ലുവിളി.
നിലപാട് വിശദീകരിക്കാൻ വർളി നാഷനൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ഹാളിൽ സംഘടിപ്പിച്ച ജനകീയ കോടതിയിൽ പ്രസംഗിക്കുകയായിരുന്നു ഉദ്ധവ്. സുപ്രീം കോടതിയിൽ വിശ്വാസമുണ്ടെങ്കിലും ഈ പോരാട്ടം ജനകീയ കോടതിയിലേക്ക് കൊണ്ടുപോകുകയാണ്.
പാർട്ടിയിലെ പിളർപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ പാടില്ലായിരുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ എനിക്ക് അധികാരത്തിൽ കടിച്ചു തൂങ്ങാൻ തോന്നിയില്ല. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു.
പാർട്ടിയുടെ ഭരണഘടനയനുസരിച്ച് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് മാറ്റാൻ തനിക്ക് അധികാരമില്ലെന്നാണ് നർവേക്കർ പറയുന്നത്. താൻ ശിവസേനയുടെ അധ്യക്ഷനല്ലായിരുന്നുവെങ്കിൽ, 2014ലും 2019ലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പിന്തുണയ്‌ക്കായി ബിജെപി തന്റെ ഒപ്പ് വാങ്ങിയത് എന്തിനാണെന്നു ഉദ്ധവ് ചോദിച്ചു. മകൻ ആദിത്യ താക്കറെ, പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് തുടങ്ങിയവർ പങ്കെടുത്തു.