കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പത്രമെടുക്കാൻ പോയി മുങ്ങിയ ഹർഷാദ് ബെംഗളൂരുവിൽ?; വ്യാപക തിരച്ചിൽ
Mail This Article
കണ്ണൂർ ∙ സെൻട്രൽ ജയിലിൽ നിന്നു തടവു ചാടിയ ലഹരിമരുന്നു കേസിലെ പ്രതി കൊയ്യോട് സ്വദേശി ടി.സി.ഹർഷാദ് ബെംഗളൂരുവിൽ എത്തിയതായി വിവരം. ഇതേത്തുടർന്ന് കണ്ണൂർ സിറ്റി എസിപിയുടെ സ്ക്വാഡ് ബെംഗളൂരുവിലെത്തി പരിശോധന നടത്തുന്നു. ഹർഷാദിന്റെ ജയിൽചാട്ടം ആസൂത്രണം ചെയ്തത് ബെംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തു സംഘമാണെന്ന സൂചനകളും ശക്തമാണ്. ഇതിനിടെയാണ് ഹർഷാദ് ബെംഗളൂരുവിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചത്. തടവുകാരൻ ജയിൽ ചാടിയത് കേരള പൊലീസിനും ജയിൽ വകുപ്പിനും നാണക്കേട് വരുത്തിവച്ചിരുന്നു.
ബെംഗളൂരുവിൽനിന്ന് വാടകയ്‌ക്കെടുത്ത ബൈക്കിലാണ് ഹർഷാദിനെ ജയിലിനു പുറത്തുനിന്ന് രക്ഷപ്പെടുത്തിയത്. ഈ ബൈക്ക് വാടകയ്‌ക്കെടുത്ത സ്ഥലത്തുതന്നെ തിരിച്ചേൽപ്പിച്ചതായി പൊലീസ് കണ്ടെത്തിയതോടെയാണ് ഹർഷാദും ഇവിടെയെത്തിയിരിക്കാമെന്ന് പൊലീസ് അനുമാനിക്കുന്നത്. സുഹൃത്ത് ബൈക്കുമായി ബെംഗളൂരുവിലെത്തിയെന്നും ഹർഷാദ് ബസിലോ മറ്റു വാഹനങ്ങളിലോ കയറി ബെംഗളൂരുവിലെത്തിയെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും ഒരുമിച്ച് ബൈക്കിൽ ബെംഗളൂരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
ജയിലിലേക്കുള്ള പത്രമെടുക്കാൻ രാവിലെ 6.45നു ദേശീയപാതയോരത്തേക്കു പോയ ഇയാൾ അവിടെ കാത്തുനിന്നിരുന്ന ബൈക്കിനു പിന്നിൽ കയറി കടന്നുകളയുകയായിരുന്നു. 2017ൽ ബെംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു രാസലഹരിമരുന്നു കടത്തിയ കേസിൽ പത്തുവർഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ൽ ആണ് ജയിലിൽ എത്തിയത്. പത്രമെടുക്കാൻ പതിവായി ഇയാളാണ് പോയിരുന്നത്. അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്.
കർണാടക റജിസ്ട്രേഷനുള്ള ബൈക്കിൽ ജയിൽ വസ്ത്രത്തിലാണ് ഹർഷാദ് കടന്നത്. ഹെൽമറ്റ് ധരിച്ചതിനാൽ, ബൈക്ക് ഓടിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. സെൻട്രൽ ജയിലിൽനിന്നു തളാപ്, താണ വഴി കക്കാട് റോഡിലേക്കും അവിടെനിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തേക്കും ബൈക്ക് എത്തിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ലഹരിക്കടത്തു കേസിനു പുറമെ, മാലപൊട്ടിക്കൽ കേസും ബെംഗളൂരുവിൽ ബൈക്ക് മോഷണക്കേസും ഹർഷാദിന്റെ പേരിലുണ്ട്. ബെംഗളൂരുവിൽനിന്നു മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ ലഹരിക്കടത്തു കേസിൽ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയും കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്. സെൻട്രൽ ജയിലിൽനിന്നു ഫോണിൽ ലഹരിക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ടാണു തടവുചാട്ടം ആസൂത്രണം ചെയ്തതെന്നു സംശയിക്കുന്നു.