ADVERTISEMENT

ന്യൂഡൽഹി∙ എംപി എന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരായ ഹർജിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി. ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി എംപിയെന്ന നിലയിലാണ് സർക്കാർ ബംഗ്ലാവ് അനുവദിച്ചതെന്നും ആ പദവി നഷ്ടമായതോടെ അവിടെ തുടരാൻ സാധിക്കില്ലെന്നും അറിയിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തിൽ ഡിസംബറിൽ ലോക്സഭയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. 

Read also: ‘ആരാണ് ഈ ടീച്ചറമ്മ? മന്ത്രിയാകണമെങ്കിൽ പാർട്ടിക്കായി കഷ്ടപ്പെടണം; ഒരു ലാത്തിയൊക്കെ ശരീരത്തിൽ കൊള്ളണം

എംപി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതിനാൽ സർക്കാർ ബംഗ്ലാവിൽ കഴിയാൻ മഹുവയ്ക്ക് യാതൊരുവിധ അവകാശവും ഇല്ലെന്ന് പറഞ്ഞാണ് സർക്കാർ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ഒഴിപ്പിക്കൽ നോട്ടിസ് അയച്ചത്. ജനുവരി നാലിനാണ് ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ആദ്യ നോട്ടിസ് അയച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യർഥിക്കാൻ മഹുവയോട് നിർദേശിച്ചു.

അസാധാരണമായ സാഹചര്യങ്ങളിൽ, പണം നൽകി ആറ് മാസം വരെ താമസിക്കാൻ നിയമമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ആദ്യ നോട്ടിസിന് മഹുവ മറുപടി നൽകാത്തതിനെ തുടർന്ന് ജനുവരി 11 ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് വീണ്ടും നോട്ടിസ് അയച്ചു. തുടർന്ന് ബംഗ്ലാവ് ഒഴിയാതിരിക്കാൻ മഹുവ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടിയാണ് ചൊവ്വാഴ്ച വീണ്ടും നോട്ടിസ് അയച്ചത്. ഇതോടെയാണ് മഹുവ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. 

ഡൽഹിയിലെ ടെലിഗ്രാഫ് ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിലാണ് മൊയ്ത്ര താമസിക്കുന്നത്. എംപി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട് ഒരു മാസത്തിന് ശേഷം, ജനുവരി 7നാണ് മഹുവയ്ക്കുള്ള സർക്കാർ വസതിയുടെ അലോട്ട്മെന്റ് റദ്ദാക്കിയത്. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വസതിയിൽ താമസിക്കുന്നതിനു മഹുവ സമയം തേടിയിരുന്നു. സർക്കാർ വസതി ഇപ്പോൾ നഷ്ടപ്പെടുന്നത് തന്റെ പ്രചാരണത്തിന് തടസ്സമാകുമെന്ന് അവർ പറഞ്ഞു.

അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗറിൽനിന്നാണു മഹുവ ലോക്സഭയിലെത്തിയത്. വസതി ഒഴിയുന്നതിന് മഹുവയ്ക്ക് ആവശ്യത്തിനു സമയം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നോട്ടിസ് നൽകിയതെന്ന് അധികൃതർ‌ പറഞ്ഞു.

English Summary:

Delhi High Court rejects Mahua Moitra's plea challenging bungalow eviction notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com