കൈപ്പത്തി വെട്ടിമാറ്റിയ കേസ്: മുഖ്യപ്രതി സവാദിനെ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു
Mail This Article
കൊച്ചി ∙ മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദിനെ, ആക്രമണത്തിന് ഇരയായ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്.
എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരം മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. പ്രഫ.ടി.ജെ.ജോസഫിനൊപ്പം മകൻ മിഥുൻ ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവരും എത്തിയിരുന്നു. പൗരനെന്ന നിലയിൽ, കോടതി നിർദേശപ്രകാരമാണ് എത്തിയതെന്നും കോടതിയിൽ തെളിവു നല്‍കാൻ ഹാജരാകുമെന്നും ടി.ജെ.ജോസഫ് പ്രതികരിച്ചു.
13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്. കണ്ണൂർ ജില്ലയിൽ 8 വർഷത്തോളം സവാദ് ഒളിവിൽ കഴിഞ്ഞു. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇരിട്ടി വിളക്കോട്ടേക്കു താമസം മാറ്റി. വിളക്കോട് 2 വർഷവും മട്ടന്നൂർ ബേരത്ത് 13 മാസവും ഒളിവിൽ താമസിച്ചു.