ഉറക്കം തറയിൽ, കുടിക്കുക കരിക്കിൻ വെള്ളം മാത്രം, സാത്വിക ഭക്ഷണം: മോദിയുടെ 11 ദിന വ്രതം ഇങ്ങനെ
Mail This Article
ന്യൂഡൽഹി∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 11 ദിവസത്തെ വ്രതത്തിന്റെ ഭാഗമായി, തറയിൽ ഒരു കമ്പളി പുതപ്പ് വിരിച്ചാകും മോദി കിടന്നുറങ്ങുക. കരിക്കിൻ വെള്ളം മാത്രമാകും കുടിക്കുക. പ്രത്യേക ആചാരങ്ങളും മതനിയമങ്ങളും പാലിച്ചാകും ഈ ദിവസങ്ങളിൽ മോദി കഴിയുക.
Read also: ‘മോദിക്ക് മുന്നില്‍ കൈകൂപ്പി ഇരട്ടച്ചങ്കൻ’: ആ ചിത്രം നൽകുന്ന സന്ദേശം വ്യക്തം: വി.ഡി.സതീശന്‍
അതിരാവിലെ പ്രാർഥനകൾക്കായി എഴുന്നേൽക്കുകയും ധ്യാനത്തിൽ മുഴുകുകയും ചെയ്യും. ഈ ദിവസങ്ങളിൽ കുറച്ചു സമയം മൗനത്തിലിരിക്കും, കുറച്ചു മാത്രമാകും ഭക്ഷണം. ഉള്ളിയും വെളുത്തുള്ളിയും മറ്റും ഒഴിവാക്കി സാത്വിക ഭക്ഷണമാകും കഴിക്കുക എന്നാണ് റിപ്പോർട്ട്.
രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർഥന അർപ്പിക്കും. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മോദി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. രാമായണത്തിൽ ജഡായുവിന്റെ ഭാഗം പരാമർശിക്കുന്നിടത്ത് സൂചിപ്പിക്കുന്ന ആന്ധ്രാപ്രദേശിലെ ലെപാക്‌ഷിയിലെ വീരഭദ്ര ക്ഷേത്രത്തിലും നാസിക്കിലെ കലാറാം ക്ഷേത്രത്തിലും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ദർശനം നടത്തിയിരുന്നു. കറുത്ത ശിലയിലുള്ള ശ്രീരാമ വിഗ്രഹമാണു കാലാരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ശ്രീരാമ ക്ഷേത്രമാണിത്.
പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയാണ് ജനുവരി 12നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. നാസിക്കിലെ പഞ്ചവടിയിലാണ് 11 ദിവസം നീണ്ടു നിൽക്കുന്ന വ്രതം പ്രധാനമന്ത്രി തുടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാൻ തിരഞ്ഞെടുത്തതെന്നാണ് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ശ്രീരാമൻ വനവാസക്കാലത്ത് കുറച്ചുനാൾ ഇവിടെ വസിച്ചതായാണ് വിശ്വാസം. ഇതിനടുത്താണ് കാലാരാമ ക്ഷേത്രം.