ലഹരിക്കേസ് പ്രതി ജയിൽ ചാടിയ സംഭവം: വെൽഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയെന്ന് റിപ്പോർട്ട്
Mail This Article
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ലഹരിക്കേസ് പ്രതി ഹർഷാദ് ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തവനൂർ ജയിൽ സൂപ്രണ്ട് വി.വിജയകുമാറാണ് ജയിൽ ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഹർഷാദിനെ വെൽഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഹർഷാദിനെ നിരീക്ഷിക്കുന്നതിൽ ജയിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഗേറ്റ് കീപ്പറുടെ ചുമതല വഹിച്ചയാളെ അടക്കം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
നാലു ദിവസങ്ങൾക്ക് മുൻപാണ് ഹർഷാദ് ജയിൽ ചാടിയത്. ഇയാൾ സംസ്ഥാനം വിട്ടെന്നാണ് സൂചന. ജയിൽ ചാടാനുള്ള എല്ലാ സഹായവും ചെയ്തു നൽകിയത് ലഹരിക്കടത്ത് സംഘമാണെന്നാണ് പൊലീസ് നിഗമനം.
കർണാടകയിൽ നിന്നെത്തിയ ബൈക്കിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ജയിലിലേക്കുള്ള പത്രമെടുക്കാൻ ദേശീയപാതയോരത്തേക്കു പോയപ്പോഴാണ് അവിടെ കാത്തുനിന്നിരുന്ന ബൈക്കിനു പിന്നിൽ കയറി ഇയാൾ കടന്നുകളഞ്ഞത്. ലഹരിമരുന്നു കേസിൽ പത്തു വർഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ൽ ആണ് ഹർഷാദ് ജയിലിൽ എത്തിയത്.