ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ നടത്തിയ  മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി ഇറാനിൽ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. ആക്രമണത്തിൽ നാലു കുട്ടികളും മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘മാർഗ് ബാർ സർമചാർ’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന: 

‘‘ഇന്നു രാവിലെ ഇറാനിലെ സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങൾക്കു നേരെ പാക്കിസ്ഥാൻ തുടർ ആക്രമണങ്ങൾ നടത്തി. ‘മാർഗ് ബാർ സർമചാർ’ എന്ന രഹസ്യനാമത്തിൽ നടത്തിയ ഇന്റലിജൻസ് ഓപ്പറേഷനിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനുമായുള്ള ഞങ്ങളുടെ ബന്ധത്തിൽ, ‘സർമചാർ’ എന്ന് വിളിക്കുന്ന പാക്കിസ്ഥാൻ വംശജരായ ഭീകരരുടെ താവളങ്ങളെയും സങ്കേതങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പാക്കിസ്ഥാൻ സ്ഥിരമായി പങ്കുവച്ചിരുന്നു. 

ഈ ഭീകരരുടെ സാന്നിധ്യവും പ്രവർത്തന രീതികളും വ്യക്തമാക്കുന്ന ഒന്നിലധികം രേഖകളും പങ്കുവച്ചിരുന്നു. ഞങ്ങളുടെ ഗുരുതരമായ ആശങ്കകളിൽ നടപടിയെടുക്കാത്തതിനെ തുടർന്ന്,  ‘സർമചാർ’ നിരപരാധികളായ പാക്കിസ്ഥാനികളുടെ രക്തം ചൊരിയുന്നത് തുടർന്നു. ‘സർമചാറു’ടെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ വെളിച്ചത്തിലാണ് ഇന്ന് രാവിലെയുണ്ടായ നടപടി.

എല്ലാ ഭീഷണികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള പാക്കിസ്ഥാന്റെ അചഞ്ചലമായ ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതാണ് ഇന്നത്തെ നടപടി. വളരെ സങ്കീർണമായ ഈ ഓപ്പറേഷന്റെ വിജയകരമായ നിർവഹണം പാക്കിസ്ഥാൻ സായുധ സേനയുടെ പ്രഫഷനലിസത്തിന്റെ തെളിവു കൂടിയാണ്. ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പാക്കിസ്ഥാൻ തുടരും. 

ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും പാക്കിസ്ഥാൻ പൂർണമായും മാനിക്കുന്നു. ഇന്നത്തെ നടപടിയുടെ ഏക ലക്ഷ്യം പാകിസ്ഥാന്റെ സ്വന്തം സുരക്ഷയും ദേശീയ താൽപര്യവും സംരക്ഷിക്കുക മാത്രമാണ്. അത് പരമപ്രധാനവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണ്. 

രാജ്യാന്തര സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയിൽ, അംഗരാജ്യങ്ങളുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും ഉൾപ്പെടെ യുഎൻ ചാർട്ടറിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും പാക്കിസ്ഥാൻ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ, ഞങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും വെല്ലുവിളിക്കപ്പെടാൻ അനുവദിക്കില്ല.

ഇറാൻ ഞങ്ങളുടെ സഹോദര രാജ്യമാണ്. പാക്കിസ്ഥാൻ ജനതയ്ക്ക് ഇറാനിയൻ ജനതയോടു വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഭീകരവാദം ഉൾപ്പെടെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ചർച്ചയ്ക്കും സഹകരണത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സംയുക്ത പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമവും തുടരും’’.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരസംഘടനയുടെ 2 താവളങ്ങളില്‍ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാനിൽ കടന്ന് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാൻ പ്രവിശ്യയിലെ സരവൻ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെയും താവളങ്ങൾക്കു നേരെയും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

English Summary:

"Sole Objective Of Today's Act Was...": Pakistan After Air Strikes On Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com