‘മസനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര പോയാലോ?’; മഞ്ഞുവീണ് തണുത്തുവിറച്ച് നീലഗിരി മലനിരകൾ
Mail This Article
ചെന്നൈ ∙ ‘നമുക്ക് മസനഗുഡി വഴി ഊട്ടിയിലേക്കു യാത്ര പോയാലോ?’ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ചോദ്യത്തിനുള്ള മറുപടിയെന്നോണം തണുത്തു വിറങ്ങലിച്ച് കിടക്കുകയാണ് ഊട്ടി. നീലഗിരിയുടെ ഭാഗമായ ഊട്ടിയടക്കമുള്ള സ്ഥലങ്ങളിൽ താപനില 1 ഡിഗ്രി സെൽഷ്യസാണ്. സാധാരണത്തേക്കാൾ തണുപ്പാണ് ഇപ്പോഴെന്നു പ്രദേശവാസികൾ പറയുന്നു.
ഉദകമണ്ഡലത്തിലെ കന്തൽ, തലൈകുന്ത എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസാണു താപനില. തമിഴ്‌നാട്ടിൽ വലിയതോതിൽ കൃഷിയുള്ള സ്ഥലങ്ങളാണിത്. ബൊട്ടാണിക്കൽ ഗാർഡനിൽ 2, സാൻഡിനല്ലയിൽ 3 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ടത്. അപ്രതീക്ഷിതമായ കടുത്ത തണുപ്പിൽ പ്രദേശവാസികളും പരിസ്ഥിതിപ്രവർത്തകരും ആശങ്കയിലാണ്. ആഗോള താപനവും എൽ–നിനോ പ്രതിഭാസവുമാണ് അസാധാരണ കാലാവസ്ഥയ്ക്കു കാരണമെന്നു നീലഗിരി എൻവയോൺമെന്റൽ സോഷ്യൽ ട്രസ്റ്റിലെ (എൻഇഎസ്ടി) വി.ശിവദാസ് വ്യക്തമാക്കി.
കാഴ്ചയ്ക്കു ഭംഗി തോന്നിയാലും മഞ്ഞുമൂടിയ കാലാവസ്ഥ നീലഗിരി മലനിരകളിലെ തേയിലത്തോട്ടങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി. പച്ചക്കറിത്തോട്ടങ്ങൾക്കും വെല്ലുവിളിയാണ്. രാവിലെ കനത്ത മഞ്ഞായതിനാൽ കൃഷിയിടങ്ങളിലേക്കു പോകാനാകുന്നില്ലെന്നു കർഷകർ പറഞ്ഞു. പലർക്കും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്. പുല്ലും മരങ്ങളും മഞ്ഞിൽ മൂടിനിൽക്കുന്നതു കാണാൻ സഞ്ചാരികളും വരുന്നുണ്ട്.