ആയുധക്കരുത്തുകാട്ടി ഇറാനും പാക്കിസ്ഥാനും; ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ ചൈന, കലുഷിതം മധ്യപൂര്‍വേഷ്യ
Mail This Article
ന്യൂഡല്‍ഹി∙ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു സംജാതമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുരാജ്യങ്ങളും നടത്തിയ വ്യോമാക്രമണങ്ങളില്‍ 11 പേരാണു മരിച്ചത്. 4 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ ഇറാനിലും രണ്ടു കുട്ടികള്‍ പാക്കിസ്ഥാനിലും മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
Read also: ‘ഇറാൻ സഹോദര രാജ്യം; വലിയ ബഹുമാനവും സ്നേഹവുമുണ്ട്, പക്ഷേ..’; തിരിച്ചടിക്കു പിന്നാലെ പാക്കിസ്ഥാൻ
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എല്‍ അദ്‍ലിന്റെ രണ്ടു കേന്ദ്രങ്ങള്‍ ഉന്നമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ഈ ഭീകര സംഘടനയുടെ നേതൃത്വത്തില്‍ ഇറാന്റെ സുരക്ഷാ വിഭാഗങ്ങള്‍ക്കെതിരെ അടുത്തിടെ ആക്രമണം വ്യാപകമായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്റെ മിസൈല്‍ ആക്രമണമെന്നു കരുതുന്നു. ഇതിനു തിരിച്ചടിയെന്ന തരത്തില്‍ ഇറാനില്‍ കടന്ന് ആക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സരവന്‍ നഗരത്തിനു സമീപമുള്ള ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങള്‍ക്കു നേരെയും പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ സംഘര്‍ഷത്തെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമീപിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായി അടുപ്പമുള്ള ചൈനയ്ക്ക് പുതിയ സംഭവവികാസങ്ങളില്‍ ആരുടെ ഭാഗത്തുനില്‍ക്കണമെന്നത് തലവേദനയായിരിക്കുകയാണ്. ഇറാനില്‍നിന്നാണ് ചൈന ഏറിയ പങ്കും എണ്ണ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണിതെന്നും സ്വയം പ്രതിരോധത്തിനായി രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ മനസിലാക്കുന്നുവെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്.
48 മണിക്കൂറിനുള്ളില്‍ മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തി ലംഘിച്ച ഇറാന്റെ നടപടിയെ വിമര്‍ശിച്ച് അമേരിക്ക രംഗത്തെത്തി. മേഖലയില്‍ ഭീകരര്‍ക്ക് ധനസഹായം നല്‍കുന്ന ഇറാന്‍ മറ്റൊരു ഭാഗത്ത് ഭീകരവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുകയാണെന്ന് വിദേശകാര്യവകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ചെങ്കടലില്‍ ഇറാന്‍ അനുകൂല ഹൂതി ഭീകരര്‍ക്കെതിരായ പോരാട്ടത്തിലാണ് അമേരിക്ക.
ഇറാൻ–പാക്കിസ്ഥാൻ ആയുധക്കരുത്ത്
ഗ്ലോബൽ ഫയർപവർ ഇൻഡക്സിന്റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒൻപതാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഇറാനാകട്ടെ പതിനാലാം സ്ഥാനവും. സൈനിക, നാവിക, വ്യോമ സേനകൾ സംയോജിപ്പിച്ച പ്രബലമായ സേനയാണ് പാക്കിസ്ഥാന്റേത്. ടൈപ് 90–2, അൽ ഖാലിദ് എന്നിവയുൾപ്പെടെയുള്ള യുദ്ധടാങ്കുകളും യുദ്ധസന്നദ്ധമായി നിൽക്കുന്ന നിരവധി കവചിത വാഹനങ്ങളും പാക്ക് സേനയ്ക്ക് സ്വന്തമാണ്. 6,50,000ത്തോളം സജീവ സൈനികരും 5,50,000ത്തോളം റിസർവ് സൈനികരും പാക്കിസ്ഥാനുണ്ട്. എഫ്–16, ജെഎഫ്–17തണ്ടർ എന്നിവ ഉൾപ്പെടെ 1,434 യുദ്ധവിമാനങ്ങളും പാക്കിസ്ഥാന്റെ ആയുധപ്പുരയിലുണ്ട്. യുദ്ധക്കപ്പലുകളിലും, സബ്മറൈനുകളിലും പട്രോളിങ് കപ്പലുകളിലുമായി 30,000ത്തോളം സജീവ പ്രവർത്തകരുടെ നാവികസേനയാണ് പാക്കിസ്ഥാന്റേത്.
മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ സജീവസേനയായ ഇറാനിയൻ ആംഡ് ഫോഴ്സിൽ 6,10,000ത്തോളം സജീവ പോരാളികളാണുള്ളത്. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി 3,50,000 പേരെ റിസർവ് സേന എന്ന നിലയിൽ തയാറാക്കി നിർത്തിയിട്ടുമുണ്ട്. ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ആർമി, ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ നേവി, ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാൻ എയർ ഫോഴ്സ് എന്നിവ സംയോജിച്ചതാണ് ഇറാൻ സേന. ഇറാൻ പ്രതിരോധസേനയിലെ മുന്നണിപ്പോരാളികളായി, ഇറാൻ തദ്ദേശീയമായി നിർമിച്ച സയിഗെ, പഴയ എഫ്–4 ഫാന്റം എന്നിവയടക്കം 500 എയർക്രാഫ്റ്റുകളുണ്ട്. നാവികസേനയിൽ ഇരുപതിനായിരത്തോളം സജീവ സൈനികരാണുള്ളത്.