കണ്ടല ബാങ്ക് ക്രമക്കേട്: ആദ്യഘട്ട കുറ്റപത്രം നൽകി ഇ.ഡി, ഭാസുരാംഗൻ അടക്കം 6 പ്രതികൾ
Mail This Article
കൊച്ചി∙ കണ്ടല ബാങ്ക് ക്രമക്കേടിൽ സിപിഐ മുൻ നേതാവ് ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികൾക്കെതിരെ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ, മക്കൾ എന്നിവരടക്കം 6 പേരെയാണു പ്രതിചേർത്തിരിക്കുന്നത്. മൂന്നു കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്.
ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗന്‍. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്നു ബാങ്ക് ഭാരവാഹികള്‍ അറിയിച്ചെന്ന് ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.