നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ 26കാരൻ വീണ്ടും ഡൽഹിയിൽ പിടിയിൽ
Mail This Article
തിരുവനന്തപുരം∙ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് (26) ആണ് ഡൽഹിയിൽ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു.
ഒരു വര്‍ഷം മുൻപ് നടി വീണ്ടും പരാതി നൽകി. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്.
നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിലൂടെ ഡൗൺലോഡ് ചെയ്ത് മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുന്നുവെന്നായിരുന്നു പരാതി.
തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പിൽനിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുത്തിരുന്നു. തുടർന്ന് വഞ്ചിയൂർ കോടതി 3 മാസം റിമാൻഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂർത്തിയാകുന്നതിനു മുൻപു തന്നെ ജാമ്യത്തിലിറങ്ങി. തുടർന്ന് വൈരാഗ്യബുദ്ധിയോടെ കൂടുതൽ ദ്രോഹിക്കുകയാണെന്നു പ്രവീണ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
‘‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികൾ അയാൾ നിർമിച്ചു. വ്യാജ ഫോട്ടോകൾ എല്ലാവർക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ. എന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പലർക്കും അയച്ചുകൊടുത്തു. അവർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. പരാതി നൽകിയതോടെ എന്റെ അമ്മ, സഹോദരി, മകൾ, മകളുടെ അധ്യാപകൻ, കൂട്ടുകാർ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു.’’– നടി പ്രവീണ പറഞ്ഞു.