കൊടുംതണുപ്പിൽ പുലർച്ചെ 2.45ന് ഉണർന്ന് തയാറെടുപ്പ്; സിആർപിഎഫ് മോട്ടർ സൈക്കിൾ സാഹസിക സംഘത്തിൽ 10 മലയാളി വനിതകൾ
Mail This Article
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ കർത്തവ്യ പഥിലൂടെ നീങ്ങുന്നത് മലയാളികളുടെ അഭിമാന പരേഡാണ്. സിആർപിഎഫിന്റെ 262 അംഗ മോട്ടർ സൈക്കിൾ സാഹസിക പ്രകടന സംഘമായ 'യശസ്വിനിയിൽ' 10 മലയാളി വനിതകളുണ്ട്: നാഗ്പുർ സിആർപിഎഫ് 213 മഹിള ബറ്റാലിയനിലെ അംഗങ്ങൾ.
ബീം റോൾ, പിരമിഡ്, ഓൾ റൗണ്ട് ഡിഫൻസ്, നാരി ശക്തി, ആരോ ഹെഡ് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം അവതരിപ്പിക്കുന്നത്. ഇതിൽ 3 എണ്ണത്തിൽ മലയാളികളുടെ സാഹസിക പ്രകടനമുണ്ടാകും.
∙ റൈഡേഴ്സ് ആൻഡ് കോ റൈഡേഴ്സ്
മലയാളികളായ 5 റൈഡർമാരും 5 കോ റൈഡർമാരുമാണ് പരേഡിൽ പങ്കെടുക്കുന്നത്. എം.കെ.ജിൻസി (പാറക്കടവ്, കോഴിക്കോട്), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം), അപർണ ദേവദാസ് (വാളയാർ, പാലക്കാട്), സി. മീനാംബിക (പുത്തൂർ, പാലക്കാട്), സി.പി.അശ്വതി (പട്ടാമ്പി, പാലക്കാട്) എന്നിവരാണു റൈഡർമാർ. എൻ.സന്ധ്യ (കുഴൽമന്ദം, പാലക്കാട്), ബി.ശരണ്യ (കൊല്ലം), സി.വി.അഞ്ജു (നാദാപുരം കോഴിക്കോട്), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം), ഇ. ശിശിര (മഞ്ചേരി, മലപ്പുറം) എന്നിവരാണ് കോ റൈഡർമാർ.
∙ ബുള്ളറ്റ് റജിമെന്റ്
തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കി 2021ൽ സർവീസിൽ കയറിയവരാണിവർ. റൈഡർമാരിൽ 3 പേർക്ക് നേരത്തെ ബൈക്ക് ഓടിക്കാൻ അറിയാമായിരുന്നു. മറ്റു രണ്ടു പേർ സർവീസിൽ കയറിയ ശേഷമാണു പഠിച്ചത്. കോ റൈഡർമാരും ബൈക്കോടിക്കും. കഴിഞ്ഞ വർഷം വനിത ദിനത്തിൽ ഇന്ത്യ ഗേറ്റിൽ നിന്ന് ഛത്തിസ്ഗഡിലെ ജഗദൽപുരിലേക്കു ഇവർ റൈഡ് നടത്തി. 11 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്.
∙ ഓൾ ഇന്ത്യ റൈഡർമാർ
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സിആർപിഎഫ് നടത്തിയ ഓൾ ഇന്ത്യ റൈഡിലും ഇവർ പങ്കെടുത്തു. ശ്രീനഗർ–ഗുജറാത്ത്, കന്യാകുമാരി–ഗുജറാത്ത്, ഷില്ലോങ്–ഗുജറാത്ത് എന്നിങ്ങനെ 3 സോണുകളിൽ നിന്നാണ് 10,000 കിലോമീറ്റർ റൈഡ് സംഘടിപ്പിച്ചത്. ഇതിൽ കന്യാകുമാരിയിൽനിന്ന് ഗുജറാത്തിലേക്കാണു പത്തംഗ മലയാളി സംഘം ബൈക്കോടിച്ചത്. 28 ദിവസം കൊണ്ടു യാത്ര പൂർത്തിയാക്കി.
ഒക്ടോബർ 31ന് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഏകത ദിവസ് പരേഡിൽ പങ്കെടുത്തിരുന്നു. ഇതിലെ മികവാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്.
∙ കഠിന പരിശീലനം
ഡൽഹിയിലെ കൊടും തണുപ്പിലാണ് രാവിലെ 5 മണി മുതൽ ഇവർ പരിശീലനം നടത്തുന്നത്. പുലർച്ചെ 2.45ന് ഉണർന്ന് തയാറെടുപ്പുകൾക്കു ശേഷം 4 മണിക്ക് കർത്തവ്യപഥിലേക്കു പരിശീലനത്തിന് പുറപ്പെടുമെന്ന് എം.കെ. ജിൻസി പറഞ്ഞു.
∙ കുതിക്കുന്നു, നാരി ശക്തി
സിആർപിഎഫിനു പുറമേ സശസ്ത്ര സീമ ബൽ, ബിഎസ്എഫ് തുടങ്ങിയ അർധ സൈനിക വിഭാഗങ്ങളിൽ നിന്നുള്ള വനിതകളും സാഹസിക പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. 2018 മുതലാണ് റിപ്പബ്ലിക് ദിന പരേഡിൽ മോട്ടർ സൈക്കിൾ സാഹസിക സംഘത്തിൽ ബിഎസ്എഫ് വനിതകളെ ഉൾപ്പെടുത്തിയത്. 2019ൽ കരസേനയുടെ ഡെയർ ഡെവിൾ സംഘത്തിൽ ക്യാപ്റ്റൻ ശിഖ സുരഭി ഉണ്ടായിരുന്നു. 2020ലെ റിപ്പബ്ലിക് ദിനത്തിൽ പുരുഷൻമാരുടെ ബൈക്ക് അഭ്യാസ സംഘത്തെ ക്യാപ്റ്റൻ താനിയ ഷെർഗിൽ നയിച്ചു.