തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തിയാൽ വോട്ടിങ് യന്ത്രങ്ങൾക്ക് 15 വർഷം കൂടുമ്പോൾ 10,000 കോടി രൂപ ചെലവ്: കേന്ദ്രത്തോട് തിര. കമ്മിഷൻ
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ, പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) വാങ്ങാൻ 15 വർഷം കൂടുമ്പോൾ 10,000 കോടി രൂപ വേണ്ടിവരുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മിന്റെ ആയുർദൈർഘ്യം 15 വർഷമാണെന്നും, തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്ന പക്ഷം ഒരു സെറ്റ് ഇവിഎം മൂന്നു തിരഞ്ഞെടുപ്പുകൾക്കേ ഉപയോഗിക്കാൻ സാധിക്കുവെന്നും കേന്ദ്രത്തിന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ ഓരോ പോളിങ് സ്റ്റേഷനിലും രണ്ട് സെറ്റ് ഇവിഎം വീതം വേണ്ടിവരും. ഒന്ന് ലോക്സഭാ സീറ്റിനും മറ്റൊന്ന് നിയമസഭാ സീറ്റിനും. കേടായ യൂണിറ്റുകൾക്കു പകരം നിശ്ചിത ശതമാനം കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീനുകൾ തുടങ്ങിയവ റിസർവായി സൂക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഒരു ഇവിഎമ്മിന് ഒരു ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ്, ഒരു വിവിപാറ്റ് എന്നിവ വേണ്ടിവരും.
പുതിയ മെഷീനുകൾ നിർമിക്കുന്നതും മറ്റു വെല്ലുവിളികളും പരിഗണിക്കുമ്പോൾ 2029 ല്‍ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ എന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കണ്‍ട്രോള്‍ യൂണിറ്റുകളും 36,62,600 വിവിപാറ്റുകളും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.