ആക്രമണ വിവരം ഇറാൻ പാക്ക് സൈന്യത്തെ മുൻകൂട്ടി അറിയിച്ചു; വിവരം പരസ്യമാക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല: റിപ്പോർട്ട്
Mail This Article
ഇസ്‌ലാമാബാദ് ∙ ചൊവ്വാഴ്ച പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ഇറാൻ സൈന്യം പാക്ക് സൈനിക നേതൃത്വത്തെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഒരു ഇറാനിയൻ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആക്രമണത്തിന്റെ വിശദാംശങ്ങൾ പരസ്യമാക്കുന്ന കാര്യം ഇറാൻ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടത്തിയ ശേഷം നിശബ്ദരായിരിക്കുന്നതായിരുന്നു ഇറാന് അഭികാമ്യമെന്നും റിപ്പോർട്ടിലുണ്ട്.
പാക്കിസ്ഥാനിൽ കടന്ന് ഇറാൻ നടത്തിയ ആക്രമണത്തിന്റെ വിവരം പുറത്തായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇറാന്റെ ആക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാൻ അവരുടെ അതിർത്തി കടന്നും ആക്രമണം നടത്തുകയും ചെയ്തു.
ഇറാനിലെ ഇസ്‍ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ഉറ്റബന്ധം പുലർത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ടെലഗ്രാം ചാനലിലും ഇതേക്കുറിച്ച് സൂചനയുണ്ട്. ‘‘ഈ ആഴ്ച പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിന് പാക് സർക്കാരുമായി ഏകോപനം ആവശ്യമായിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിനും അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് ഇന്നത്തെ പാകിസ്ഥാന്റെ തിരിച്ചടി’’ – റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഇറാൻ നയതന്ത്ര പ്രതിനിധിയായ ഹസൻ കസേമി ഖ്വോമി ഏറ്റവും ഒടുവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അവസരത്തിൽ ഇറാൻ ആക്രമണത്തിനു തയാറെടുക്കുന്ന വിവരം അവരെ അറിയിച്ചിരുന്നതായി ചില ഇറാനിയൻ മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
ഇറാന്റെ ആക്രമണത്തിനു തിരിച്ചടിയായി ഇറാനിലെ സിസ്തൻ– ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് വ്യോമസേനയുടെ പോർവിമാനവും ഡ്രോണുകളും ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 4 കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. ‘മർഗ് ബർ സർമചാർ’ (ഒളിപ്പോരുകാർക്കു മരണം) എന്ന പേരിട്ട നടപടിയിലൂടെ ഇറാന്റെ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ ഉള്ളിലായി 7 കേന്ദ്രങ്ങളെയാണ് ലക്ഷ്യംവച്ചത്. ആക്രമണമുണ്ടായ സർവാൻ ഗ്രാമം, സിസ്തൻ–ബലൂചിസ്ഥാൻ തലസ്ഥാനമായ സഹിദാനിൽനിന്ന് 347 കിലോമീറ്റർ തെക്കുകിഴക്കാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് എന്നീ ഭീകരസംഘടനകളുടെ താവളങ്ങളിലായി ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസ് അവകാശപ്പെട്ടിരുന്നു.
ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം തുടരുന്നതിനിടെയാണ് പാക്ക്–ഇറാൻ സംഘർഷവും പൊട്ടിപ്പുറപ്പെട്ടത്. ഇരുരാജ്യങ്ങളുടെയും അടുത്ത സഖ്യകക്ഷിയായ ചൈന മധ്യസ്ഥതയ്ക്കു രംഗത്തിറങ്ങിയിരുന്നു. ‘സഹോദരരാജ്യ’വുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നു പാക്ക് പ്രസിഡന്റ് ആരിഫ് അലവിയും പറഞ്ഞു.