പന്നു വധശ്രമം: നിഖിൽ ഗുപ്തയെ യുഎസിനു കൈമാറാൻ ചെക് റിപ്പബ്ലിക്കൻ കോടതിയുടെ അനുമതി
Mail This Article
ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചെന്ന ആരോപണത്തിൽ ചെക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്തയെ യുഎസിനു കൈമാറാൻ ചെക് റിപ്പബ്ലിക്കൻ കോടതിയുടെ അനുമതി. ചെക്ക് നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. കോടതി വിധി സംബന്ധിച്ച് കേസിൽ ഉൾപ്പെടെ എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്ക് എടുക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
കീഴ്‌ക്കോടതിയുടെ തീരുമാനങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചെക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടാൻ നീതിന്യായ മന്ത്രിക്ക് മൂന്നു മാസത്തെ സമയമുണ്ട്. യുഎസിനു കൈമാറുന്നത് അനുവദനീയമാണെന്ന കീഴ്‌ക്കോടതിയുടെ ഡിസംബറിലെ വിധിക്കെതിരെ നിഖിൽ ഗുപ്ത നൽകിയ അപ്പീൽ പ്രാഗ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ പ്രാഗിൽ വച്ചാണ് ചെക്ക് അധികാരികൾ നിഖിൽ ഗുപ്തയെ തടവിലാക്കിയത്. യുഎസ്– കനേഡിയൻ ഇരട്ട പൗരത്വമുള്ള സിഖ് വിഘടനവാദിയായ പന്നുവിനെ കൊല്ലാൻ ഇന്ത്യയിലെ ഉന്നത ഓഫിസർ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നൽകിയെന്നും ഇതിനായി 15,000 ഡോളർ മുൻകൂർ നൽകിയെന്നുമാണ് യുഎസ് ഫെഡറൽ പ്രോസിക്യൂഷന്റെ കുറ്റപത്രത്തിലുള്ളത്. എന്നാൽ യുഎസ് അന്വേഷിക്കുന്ന വ്യക്തി താനല്ലെന്നും ആളുമാറിയാണ് പിടികൂടിയതെന്നുമാണ് നിഖിൽ കോടതിയിൽ വാദിച്ചത്. യുഎസിന് കൈമാറാൻ അനുമതി നൽകരുതെന്ന് നിഖിലിന്റെ അഭിഭാഷകൻ ചെക്ക് കോടതിയോട് അപേക്ഷിച്ചെങ്കിലും തള്ളി.
നിഖിൽ ഗുപ്തയുടെ മോചനം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഇന്ത്യയിലെ സുപ്രീം കോടതി തള്ളിയിരുന്നു. രാജ്യാന്തര നിയമം ഉൾപ്പെട്ട വിഷയമാണെന്നതു ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, ഹർജിയെ സർക്കാരിനുള്ള നിവേദനമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചു. ഇക്കാര്യത്തിൽ ഇടപെടണമോയെന്നതു സർക്കാരിന്റെ തീരുമാനമാണെന്നും കോടതി വ്യക്തമാക്കി.
നിഖിലിനെ അന്യായമായി തടവിൽ വച്ചിരിക്കുകയാണെന്നും മോചനത്തിനു കോടതി ഇടപെടണമെന്നുമാണ് കുടുംബം ഹേബിയസ് കോർപസ് ഹർജിയിൽ ആവശ്യപ്പെട്ടത്. കേസ് നേരത്തേ പരിഗണിച്ചപ്പോൾ തന്നെ ഇതിൽ ഇടപെടുന്നതിലെ പരിമിതി ചൂണ്ടിക്കാട്ടിയ കോടതി, വിഷയം ചെക് റിപ്പബ്ലിക്കിലെ കോടതി മുമ്പാകെ ഉന്നയിക്കാൻ നിർദേശിച്ചിരുന്നു.