ഭാഗ്യയുടെ ആഭരണങ്ങൾ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനം, നികുതിയെല്ലാം അടച്ചിട്ടുണ്ട്: കുടുംബം തകർക്കരുതെന്ന് സുരേഷ് ഗോപി
Mail This Article
തിരുവനന്തപുരം∙ മകൾ ഭാഗ്യ സുരേഷ് വിവാഹവേളയിൽ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് സമൂഹമാധ്യങ്ങളിൽ ഉയർന്ന ചർച്ചയിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഭാഗ്യ ധരിച്ചിരുന്ന ഓരോ ആഭരണവും മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണെന്നും ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
‘‘സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണ്. ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാർ. ഒരെണ്ണം ഒരു ജ്വല്ലറിയിൽ നിന്നുള്ളതാണ്.
‘‘ദയവായി ഇങ്ങനെ ചെയ്യുന്നത് നിർത്തുക. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും എളിയവനായ ഞാൻ പ്രാപ്തനാണ്.’’ – അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. ബിസിനസ്സുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ് മോഹൻ ആണ് വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന്മാരായ മമ്മൂട്ടി, മോഹൻ ലാല്‍ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു.