‘സിദ്ധരാമയ്യയുടെ പേരിൽ രാമനുണ്ട്, എന്റെ പേരിൽ ശിവനും; ആരും ഞങ്ങളെ പഠിപ്പിക്കേണ്ട’: വിശദീകരിച്ച് ഡി.കെ.ശിവകുമാർ
Mail This Article
ബെംഗളൂരു∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് കർണാടകയിൽ പൊതു അവധി പ്രഖ്യാപിക്കേണ്ടെന്ന സർക്കാർ തീരുമാനത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ‘‘ഞങ്ങളുടെ ഭക്തിക്കും മതത്തിനും പ്രചാരണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ഷേത്രത്തിൽ ഞങ്ങളുടെ മന്ത്രിമാർ പൂജ നടത്തുന്നുണ്ട്. ഞങ്ങളുടെ പ്രാർഥന ഫലമണിയും. പ്രാർഥിക്കാൻ എല്ലാവരോടും പറയുകയാണ്’’– ഡി.കെ.ശിവകുമാർ പറഞ്ഞു.
‘‘മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പേരിൽ രാമനുണ്ട്, എന്റെ പേരിൽ ശിവനുണ്ട്. ആരും ഞങ്ങളെ ഒന്നും പഠിപ്പിക്കേണ്ട. സമ്മർദ്ദം ചെലുത്തേണ്ടതുമില്ല. ഞങ്ങളുടെ ജോലി നിർവഹിക്കും’’– ശിവകുമാർ പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പങ്കെടുക്കില്ല.
‘‘ചടങ്ങിലേക്കായി നേതാക്കളെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തിരഞ്ഞെടുക്കുകയാണ്. രാജ്യത്തു നിരവധി നേതാക്കളും മുഖ്യമന്ത്രിമാരുമുണ്ട്. ഇതൊരു സ്വകാര്യ പരിപാടിയല്ല. പൊതു ഇടമാണ്. ഒരു വ്യക്തിയുടേതല്ല എല്ലാ മതങ്ങളും ചിഹ്നങ്ങളും’’– ചടങ്ങിൽ കോൺഗ്രസ് ഹൈക്കമാൻഡ് എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന ചോദ്യത്തിനു മറുപടിയായി ശിവകുമാർ പറഞ്ഞു.