‘ദാവൂദ് ഇബ്രാഹിമിന്റെ സഹായിയാണ്, രാമക്ഷേത്രം തകർക്കും’: ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Mail This Article
പട്ന∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെട്ട്, ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് പൊലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം (21) എന്നയാളെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽനിന്നു പിടികൂടുകയായിരുന്നു.
ജനുവരി 19നാണ് പൗരന്മാർക്ക് അടിയന്തര സഹായം തേടാനുള്ള 112 എന്ന നമ്പറിൽ വിളിച്ച് ഇയാൾ ഭീഷണിപ്പെടുത്തിയത്. തന്റെ പേര് ഛോട്ടാ ഷക്കീൽ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ടു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്നും പറഞ്ഞു. ഫോൺ സന്ദേശം ലഭിച്ചയുടൻ പൊലീസ് വിശദാംശങ്ങൾ സൈബർ സെല്ലുമായി പങ്കിട്ടു.
പ്രതി വിളിച്ച മൊബൈൽ നമ്പർ ഇയാളുടെ പിതാവിന്റെ പേരിൽ റജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും അരാരിയ പൊലീസ് സൂപ്രണ്ട് അശോക് കുമാർ സിങ് പറഞ്ഞു. കേസെടുത്ത പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു.