ADVERTISEMENT

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. രാവിലെ 10.25ന് അയോധ്യയിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി, 10.55ന് രാമക്ഷേത്രത്തിലെത്തും. പ്രധാനമന്ത്രി ഇന്നു വൈകിട്ട് അയോധ്യയിലെത്തുമെന്നായിരുന്നു നേരത്തേയുള്ള വിവരം. തിങ്കളാഴ്ച രാവിലെ സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

തമിഴ്നാട്ടിൽ ആത്മീയ തീർഥാടനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ധനുഷ്കോടിയിലെ കോതണ്ഡരാമർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിലും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. കമ്പർ മണ്ഡപത്തിൽ ഇരുന്ന് രാമായണം വായന കേട്ടതിനു ശേഷമാണു രാമേശ്വരത്തേക്കു തിരിച്ചത്. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിലൊന്നായ രാമനാഥ സ്വാമി ക്ഷേത്രത്തിലെ 22 തീർഥ കിണറുകളിൽ നിന്നുള്ള വെള്ളം കൊണ്ട് സ്നാനം നടത്തി. രാത്രി ശ്രീരാമകൃഷ്ണ മഠത്തിലാണ് പ്രധാനമന്ത്രിക്കു താമസമൊരുക്കിയത്.

പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയായി. പഴുതടച്ച സുരക്ഷാക്രമീകരണത്തിലാണ് അയോധ്യ. ക്ഷണിക്കപ്പെട്ട അതിഥികളും തീർഥാടകരും ക്ഷേത്രനഗരത്തിൽ എത്തിത്തുടങ്ങി. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതൽ ക്ഷേത്രപരിസരത്തു പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും.

അതിഥികളോട് രാവിലെ 11നു മുൻപായി എത്തിച്ചേരാൻ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവർത്തകരുമെത്തിയിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന നാളെ ഉച്ചയ്ക്കു 2.30 വരെ ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾക്കെല്ലാം അവധി നൽകി. ആർഎംഎൽ, ലേഡി ഹാർഡിങ്, സഫ്ദർജങ് തുടങ്ങിയ ആശുപത്രികൾക്കും അവധിയുണ്ട്. അടിയന്തര ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ പശ്ചാത്തലത്തിൽ വ്യാജവാർത്തകളും മറ്റും പ്രചരിപ്പിക്കരുതെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മുന്നറിയിപ്പു നൽകി.

English Summary:

PM Narendra Modi Will Reaches Ayodhya on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com