ഉവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയും വൈകാതെ രാമഭക്തരാകും, രാമനാമവും ഉരുവിടും: വിഎച്ച്പി വക്താവ്
Mail This Article
ന്യൂഡൽഹി∙ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയും അധികം വൈകാതെ രാമനാമം ഉരുവിടുമെന്ന പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഉവൈസി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിഎച്ച്പി നേതാവിന്റെ പ്രതികരണം.
ബാബറി മസ്ജിദ് വളരെ ആസൂത്രിതമായി മുസ്‌ലിംകളിൽ നിന്ന് എടുത്തുകളഞ്ഞതായി ശനിയാഴ്ച ഉവൈസി അഭിപ്രായപ്പെട്ടിരുന്നു. 1992ൽ ബാബറി മസ്ജിദ് തകർത്തില്ലായിരുന്നുവെങ്കിൽ മുസ്‌ലിംകൾ ഇന്നത്തെ അവസ്ഥയെ നേരിടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിഎച്ച്പി ദേശീയ വക്താവു കൂടിയായ വിനോദ് ബൻസാലിന്റെ പ്രതികരണം. കഴിഞ്ഞ 500 വർഷത്തിനിടെ ഉവൈസിയുടെ മുൻ തലമുറകളിൽനിന്ന് ആരെങ്കിലും അയോധ്യ സന്ദർശിച്ചിട്ടുണ്ടോയെന്ന് വിനോദ് ബൻസാൽ ചോദിച്ചു.
‘‘അസദുദ്ദീൻ ഉവൈസി യുകെയിൽനിന്ന് പഠനം പൂർത്തിയാക്കിയ അഭിഭാഷകനാണ്. ബാബറി മസ്ജിദിനെ രക്ഷിക്കാൻ അദ്ദേഹം എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ല? ഇതെല്ലാം അദ്ദേഹത്തിന്റെ വെറും രാഷ്ട്രീയ നാടകം മാത്രമാണ്. ഇവരെല്ലാം അധികം വൈകാതെ രാമ ഭക്തരാകുമെന്ന് ഈ മുസ്‍ലിം പാർട്ടി മനസ്സിലാക്കണം. അവരെല്ലാം വൈകാതെതന്നെ രാമനാമം ഉരുവിടും’’ – വിനോദ് ബൻസാൽ പറഞ്ഞു.