വയനാട്ടിൽ ആൾക്കൂട്ടത്തിൽവച്ച് സിവിൽ പൊലീസ് ഓഫിസർക്ക് ഇൻസ്പെക്ടറുടെ അസഭ്യവർഷം, മർദ്ദനം - വിഡിയോ
Mail This Article
കല്‍പറ്റ∙ ആൾക്കൂട്ടത്തിൽ വച്ച് സിവിൽ പൊലീസ് ഓഫിസർക്ക് ഇൻസ്പെക്ടറുടെ മർദ്ദനമേറ്റതായി പരാതി. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ സംഭവം വിവാദമായി. സിവിൽ പൊലീസ് ഓഫിസറെ ഇൻസ്‌പെക്‌ടർ അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
വൈത്തിരിയിൽ ഒരാൾ ഒരു പെൺകുട്ടിയോടു മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർ സ്ഥലത്ത് എത്തിയത്. സിവിൽ പൊലീസ് ഓഫിസർ മഫ്തിയിലായിരുന്നു. പ്രതിയെന്ന സംശയത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അയാൾ യഥാർഥ പ്രതിയല്ലെന്ന് പിന്നാലെ വ്യക്തമായി. ഇത് വാക്കേറ്റത്തിനു കാരണമായി. യൂണിഫോമിൽ അല്ലാത്തതിനാൽ സിവിൽ പൊലീസ് ഓഫിസർ അപ്പോഴും വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതാണ് ഇൻസ്പെക്ടറെ ചൊടിപ്പിച്ചതെന്ന് പറയുന്നു. തുടർന്നായിരുന്നു അസഭ്യ വർഷവും മർദ്ദനവും.
വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. പരാതിയില്ലെന്നാണ് സിവിൽ പൊലീസ് ഓഫിസറുടെയും നിലപാട്. അതേസമയം, പൊതുജനങ്ങൾക്കിടയിൽ വച്ചുള്ള ഇൻസ്പെക്ടറുടെ പെരുമാറ്റം വീഴ്ചയാണെന്നാണ് പൊലീസിനുള്ളിലെ വിലയിരുത്തൽ. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയെന്നാണ് വിവരം.