32 വർഷത്തെ കാത്തിരിപ്പ്; രാമക്ഷേത്രത്തിന് മുന്നിൽനിന്ന് ചിത്രമെടുത്ത് ഉമ ഭാരതി, സാധ്വി ഋതംബരയ്ക്ക് ആലിംഗനം
Mail This Article
അയോധ്യ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നടന്ന രാമക്ഷേത്രത്തിനു മുന്നിൽ സന്തോഷം പങ്കിട്ട് മുതിർന്ന ബിജെപി നേതാവ് ഉമ ഭാരതി. രാമജന്മഭൂമി പ്രസ്ഥാനത്തിൽ മുന്നിലുണ്ടായിരുന്ന നേതാവാണ് ഉമ. സഹപ്രവർത്തകയായ സാധ്വി ഋതംബരയെ നിറകണ്ണുകളോടെ ഉമ ആലിംഗനം ചെയ്തു.
32 കൊല്ലവും 46 ദിവസവും മുൻപ് ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസവും ഉമ അയോധ്യയിലുണ്ടായിരുന്നു. പ്രാണപ്രതിഷ്ഠയ്ക്കു തൊട്ടുമുൻപു ക്ഷേത്രത്തിനു മുന്നിൽനിൽക്കുന്ന ചിത്രം എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കിട്ടുകൊണ്ട്, ‘ഞാൻ അയോധ്യയിലെ രാമക്ഷേത്രത്തിനു മുന്നിലാണ്. ഞങ്ങൾ രാം ലല്ലയെ കാത്തിരിക്കുന്നു’ എന്ന് ഉമ കുറിച്ചു. രാഷ്ട്രീയദൗത്യം നിറവേറിയ സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെയാണു സാധ്വി ഋതംബരയും ഉമ ഭാരതിയും പരസ്പരം ആലിംഗനം ചെയ്തത്.
1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയെ ഉമ ആശ്ലേഷിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ക്യാമറയെ നോക്കി ചിരിക്കുന്നതാണു ചിത്രം. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യ ആസൂത്രകൻ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കു വരാൻ സാധിക്കാതിരുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ അന്നത്തെ മുഖ്യനേതാക്കളിലൊരാളായിരുന്ന ഉമ സജീവ സാന്നിധ്യം അറിയിച്ചു.