ADVERTISEMENT

അയോധ്യ ∙ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയിൽ അയോധ്യയിൽ പുഷ്പവൃഷ്ടി നടത്തി ഇന്ത്യൻ സേന. ഹെലികോപ്റ്ററുകളിൽ നിന്നാണു ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും സേന പുഷ്പവൃഷ്ടി നടത്തിയത്. ചടങ്ങിന്റെ ഭാഗമായി ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞർ ക്ഷേത്രത്തിൽ വിവിധ സംഗീതോപകരണങ്ങൾ കൊണ്ടു മംഗളവാദ്യം വായിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു പരമ്പരാഗത വാദ്യോപകരണങ്ങളുപയോഗിച്ചുള്ള ‘മംഗളധ്വനി’ ക്ഷേത്ര പരിസരത്തു മുഴങ്ങിയത്. ചെണ്ടയടക്കമുള്ളവ ഉപയോഗിച്ച സംഗീതവിരുന്നിനു കവി യതീന്ദ്ര മിശ്ര നേതൃത്വം നൽകി.

‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ശ്രീകോവിലിൽ ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതായിരുന്നു മുഖ്യ പുരോഹിതൻ.

51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിച്ചത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണു ശ്രീരാമ സങ്കൽപം. 300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണ് കൊത്തിയെടുത്തിരിക്കുന്നതെന്നു ശിൽപി മൈസൂരു സ്വദേശി അരുൺ യോഗി രാജ് പറഞ്ഞു. 200 കിലോയോളം ഭാരമുണ്ട്. രാമനവമി നാളിൽ സൂര്യപ്രകാശം മുകളിൽ പതിക്കുന്ന വിധത്തിലാണു ക്ഷേത്രനിർമിതി.

English Summary:

Army Helicopters Shower Flowers On Ayodhya As Ram Temple 'Aarti' Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com