അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ: ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കിയെന്ന ശബ്ദസന്ദേശം പുറത്ത്
Mail This Article
പരവൂർ∙ പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജോലി സമ്മർദ്ദം സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഞായറാഴ്ചയാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യയെ (41) കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരുടെ മാനസിക പീഡനം നേരിട്ടുവെന്നാണ് ശബ്ദരേഖയിലുള്ളത്. മേലുദ്യോഗസ്ഥൻ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണു സന്ദേശത്തിലുള്ളത്. ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും പറയുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ശബ്ദസന്ദേശം സൂചിപ്പിക്കുന്നു.
സുഹൃത്തുക്കൾക്ക് അയച്ച വാട്‌സാപ് സന്ദേശമാണ് പുറത്തായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)