ADVERTISEMENT

കോഴിക്കോട്∙ പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയുന്നത് ഹിന്ദുമത ധർമത്തിന് എതിരാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.  മതാചാര്യൻമാർ മതം കൈകാര്യം ചെയ്യട്ടെ. അത് രാഷ്ട്രീയക്കാർ കൈകാര്യം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മതത്തിന് തീ കൊടുക്കരുത്, മതേതര ഇന്ത്യയെ കൊല്ലരുത്’ എന്ന പേരിൽ ഐഎൻഎൽ നടത്തിയ സൗഹാർദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

ഫാഷിസ്റ്റ് സ്നേഹത്തിന് മനുഷ്യ സ്നേഹമുണ്ടാകില്ല. വിശ്വാസത്തെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘കേരളത്തിൽ ഇടതുപക്ഷ മനസ് നിറഞ്ഞു നിൽക്കുന്നതു കൊണ്ടാണ്  ഇന്നത്തെ അവസ്ഥയിൽ നിൽക്കുന്നത്. ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യ രാജ്യം പ്രശ്നങ്ങൾ നേരിടുന്നു. ഇന്ത്യയെപ്പോലെ ലോകത്ത് മറ്റൊരു രാജ്യമില്ല.

മതപരമായി വിഭജിച്ച് ഭരിക്കുകയാണ് ബ്രിട്ടിഷുകാർ ചെയ്തത്. മലബാറിലെ കർഷക കലാപത്തെ മാപ്പിള കലാപമാക്കിയത് ബ്രിട്ടീഷുകാർ ആണ്. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നടപ്പാക്കി. ഡൽഹിയിൽ തലയോട്ടി പന്തു തട്ടുന്ന അവസ്ഥയായി. 

ഗുജറാത്ത് ബിജെപിയുടെ പരീക്ഷണശാലയായിരുന്നു. ഗുജറാത്തിൽ ഭൂരിപക്ഷ മതത്തിന്റെ അധികാരം ഉറപ്പിക്കാനുള്ള പരമ്പര തന്നെ നടത്തി. ഗുജറാത്ത് കലാപത്തിലെ കൊടുംക്രിമിനലുകളെ ബിജെപി വിട്ടയച്ചു. ഇതിനെതിരെ ബിൽക്കീസ് ബാനു കോടതിയെ സമീപിച്ചു. കോടതി അവരെ മുഴുവൻ ജയിലിലേക്കയച്ചു. ബിജെപി സ്ത്രീത്വത്തെ അംഗീകരിക്കുന്നില്ല. അതു കൊണ്ടാണ് രാഷ്ട്രപതിയെ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ അനുവദിക്കാതിരുന്നത്. 

വടക്കേ ഇന്ത്യയിലെപ്പോലെ പരസ്പര ശത്രുത സൃഷ്ടിക്കാൻ കേരളത്തിലും ശ്രമം നടക്കുന്നു. ഇതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. മുസ്‌ലിം ലീഗ് ഇതിനൊപ്പം നിൽക്കുമോ ?’’–ജയരാജൻ ചോദിച്ചു. പരിപാടിയിൽ മുൻ മന്ത്രി കെ.ടി.ജലീൽ എഴുതിയ ‘ഇന്തോനേഷ്യ: ക്ഷേത്ര സമൃദ്ധമായ മുസ്‌ലിം രാജ്യം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. 

മതരാഷ്ട്രമായ പാക്കിസ്ഥാനിൽ പോലും നടക്കാത്ത കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ജലീൽ പറഞ്ഞു. പാക്കിസ്ഥാൻ പ്രസിഡന്റ് ഏതെങ്കിലും പള്ളിക്ക് തറക്കല്ലിട്ടു എന്ന് കേട്ടിട്ടുണ്ടോ.  ഇവിടെ ക്ഷേത്രം ഉദ്ഘാടനത്തിന് ഋഷിവര്യൻമാരല്ല, പ്രധാനമന്ത്രിയാണ് എത്തുന്നത്. കേരളത്തിൽ മുഖമന്ത്രി പള്ളിക്ക് തറക്കല്ലിട്ടാൽ ബിജെപി അംഗീകരിക്കുമോ എന്നും ജലീൽ ചോദിച്ചു. അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ, പി.കെ. പാറക്കടവ് എന്നിവർ സംസാരിച്ചു.

English Summary:

LDF convener EP Jayarajan Said That Building A Temple There Is Against Hinduism By Demolishing The Mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com