ഇന്ന് ശ്രീരാമന്റെ ദിനം, രാവണനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാം: രാഹുൽ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ ശർമ
Mail This Article
ഗുവാഹത്തി∙ ശ്രീരാമന്റെ ദിനത്തിൽ രാവണനെക്കുറിച്ചുള്ള സംസാരം ഒഴിവാക്കണമെന്നു രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അയോധ്യയിലെ രാമവിഗ്രഹ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഹുൽ ഗാന്ധിക്ക് ക്ഷണം ലഭിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോടായിരുന്നു ഹിമന്തയുടെ പ്രതികരണം.
‘‘എന്തിനാണ് നിങ്ങളിന്ന് രാവണനെക്കുറിച്ചു സംസാരിക്കുന്നത്? ഇന്ന് നമുക്ക് ശ്രീരാമനെക്കുറിച്ച് സംസാരിച്ചുകൂടേ? 500 വർഷങ്ങൾക്കുശേഷം ശ്രീരാമനെക്കുറിച്ച് സംസാരിക്കാൻ നല്ല ദിവസമാണിത്. അതുകൊണ്ടു നമുക്കിന്നു രാവണനെക്കുറിച്ച് സംസാരിക്കാതിരിക്കാം’’–ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ രാഹുൽ ഗാന്ധിയുമായിട്ടുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെയായിരുന്നു ഹിമന്തയുടെ പ്രതികരണം. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് ഹിമന്ത രാഹുലിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാവിലെ സന്ദർശനത്തിനെത്തിയ രാഹുലിനെ പൊലീസ് തടയുകയും ചെയ്തു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്കു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, അധീർരഞ്ജൻ ചൗധരി എന്നിവർക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള രാഷ്ട്രീയ ചടങ്ങെന്ന് ആരോപിച്ചു കോൺഗ്രസ് വിട്ടുനിന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങ് ആർഎസ്‌എസും ബിജെപിയും ചേർന്ന് രാഷ്ട്രീയ പരിപാടിയാക്കിയെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.