ADVERTISEMENT

പട്ന ∙ ബിഹാറിൽ എൻഡിഎയുടെ ലോക്സഭാ സീറ്റു വിഭജനം ബിജെപിക്കു തലവേദനയായി. സഖ്യകക്ഷികളുടെ തമ്മിലടിയും വൻ അവകാശവാദങ്ങളുമാണ് സീറ്റു വിഭജനം ദുഷ്കരമാക്കുന്നത്. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ബിജെപി 30 എണ്ണത്തിൽ മൽസരിക്കാനാണ് ലക്ഷ്യമിടുന്നത്. സഖ്യകക്ഷികളെ പത്തു സീറ്റുകളിലൊതുക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇരട്ടി സീറ്റുകളാണ് സഖ്യകക്ഷികൾ അവകാശപ്പെടുന്നത്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെഡിയുവും 17 സീറ്റുകളിൽ വീതവും ലോക് ജനശക്തി പാർട്ടി ആറു സീറ്റുകളിലുമാണ് മൽസരിച്ചത്. ബിജെപിയും ലോക് ജനശക്തി പാർട്ടിയും മൽസരിച്ച മുഴുവൻ സീറ്റുകളിലും വിജയിച്ചപ്പോൾ ജെഡിയു ഒരു സീറ്റിൽ മാത്രം തോറ്റു. 

ജെഡിയു മുന്നണി വിട്ടതോടെ കൂടുതൽ സീറ്റുകളിൽ സ്വാധീനമുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. സഖ്യകക്ഷിയായിരുന്ന ലോക് ജനശക്തി പാർട്ടി പിളർന്ന ശേഷം രണ്ടു വിഭാഗവും ആറു സീറ്റു വീതം ആവശ്യപ്പെട്ടു കടുംപിടിത്തത്തിലാണ്. കേന്ദ്രമന്ത്രി പശുപതി പാരസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിക്കും ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും (റാംവിലാസ്) മൂന്നു സീറ്റുകൾ വീതം നൽകാനാണ് ബിജെപി നീക്കം. പശുപതി പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപൂരിൽ ചിരാഗ് പസ്വാൻ പ്രചരണം തുടങ്ങിയതും മുന്നണിയിൽ അസ്വാരസ്യമായി. 

ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച രണ്ടു ലോക്സഭാ സീറ്റ് ആവശ്യപ്പെടുമ്പോൾ ഒരു സീറ്റു നൽകാനേ ബിജെപി തയാറുള്ളു. കൂടാതെ മാഞ്ചിക്ക് രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി നാലു സീറ്റ് ആവശ്യപ്പെടുമ്പോൾ രണ്ടിലൊതുങ്ങാനാണ് ബിജെപി നിർദേശം. മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് (വിഐപി) ഒരു സീറ്റു മതിയെങ്കിലും മുസഫർപുർ മണ്ഡലം വേണമെന്ന പിടിവാശിയാണ്. ഖഗഡിയ സീറ്റു നൽകാമെന്നു ബിജെപിയും. 

English Summary:

LokSabha Election 2024: Bihar NDA Seat sharing Negotiations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com