ADVERTISEMENT

അയോധ്യ∙ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതിനു പിന്നാലെ 11 ദിവസത്തെ കഠിനവ്രതം അവസാനിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാൽകൊണ്ട് ഉണ്ടാക്കിയ മധുരപാനീയം ചരണാമൃത് കഴിച്ചാണു വ്രതം പ്രധാനമന്ത്രി അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മാഹാരാജ് ആണ് പ്രധാനമന്ത്രിക്ക് ചരണാമൃത് നൽകിയത്. വ്രതം വിജയകരമായി പൂർത്തിയാക്കിയ പ്രധാനമന്ത്രിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിക്കുകയും ചെയ്തു. ഇതോടെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി തുടങ്ങിയ 11 ദിവസത്തെ വ്രതം അവസാനിച്ചു. 

നാസിക്കിലെ പഞ്ചവടിയിലാണു പ്രധാനമന്ത്രി വ്രതം തുടങ്ങിയത്. ശ്രീരാമൻ വനവാസക്കാലത്ത് കുറച്ചുനാൾ ഇവിടെ വസിച്ചതായാണു വിശ്വാസം. സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആണ് വ്രതം തുടങ്ങാൻ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞിരുന്നു. വ്രതത്തിന്റെ ഭാഗമായി പ്രത്യേക ആചാരങ്ങളും മതനിയമങ്ങളും പാലിച്ചാണ് 11 ദിവസങ്ങളിൽ മോദി കഴിഞ്ഞതെന്നാണു വിവരം. തറയിൽ ഒരു കമ്പളി പുതപ്പു വിരിച്ചാണു ഉറങ്ങിയതെന്നും കരിക്കിൻ‌ വെള്ളം മാത്രമാണു കുടിച്ചതെന്നുമാണു വിവരം. 

പ്രാണപ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ ക്ഷേത്ര നിർമാണം ഇത്രകാലം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, നീതി സാധ്യമാക്കിയ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദി അറിയിക്കുന്നതായും പറഞ്ഞു. രാംലല്ല ഇനിമുതൽ നിവസിക്കുക ടെന്റിലല്ല, മഹാ ക്ഷേത്രത്തിലാണ്. നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Narendra Modi end fasting after Pran Pratishtha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com