രാംലല്ല ഇനി ടെന്റിലല്ല, മഹാ ക്ഷേത്രത്തിൽ; നീതി സാധ്യമാക്കിയ നീതിപീഠത്തിനു നന്ദി: പ്രധാനമന്ത്രി മോദി
Mail This Article
അയോധ്യ∙ രാംലല്ല ഇനിമുതൽ നിവസിക്കുക ടെന്റിലല്ല, മഹാ ക്ഷേത്രത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലമായി നമ്മുടെ രാമൻ ആഗതനായെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമാണം ഇത്രകാലം വൈകിയതിൽ രാമനോടു ക്ഷമ ചോദിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, നീതി സാധ്യമാക്കിയ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നന്ദി അറിയിച്ചു.
ക്ഷേത്രം നിർമിച്ചാൽ പ്രശ്നമാകുമെന്ന് പറഞ്ഞവർക്ക് ഇന്ത്യയെ അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമനുമായി ബന്ധപ്പെട്ട നിയമയുദ്ധം പതിറ്റാണ്ടുകളോളം നീണ്ടുനിന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നീതി സാധ്യമാക്കിയ ഇന്ത്യൻ നീതിപീഠത്തിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇത് ഒരു സാധാരണ ദിവസമല്ല, പുതിയ കാലക്രമത്തിന്റെ ഉദയമാണ്. ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷവും ആളുകൾ ഈ ദിവസവും ഈ നിമിഷവും അനുസ്മരിക്കും. ഈ അനുഗൃഹീത നിമിഷത്തിന് സാക്ഷികളാകാൻ നമുക്ക് അവസരം ലഭിച്ചത് ശ്രീരാമന്റെ മഹാ അനുഗ്രഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെയുണ്ടായിരുന്ന പരിമിതികളും വീഴ്ചകളും ക്ഷേത്ര നിർമാണം പൂർത്തീകരിച്ചതോടെ പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘‘രാമക്ഷേത്രം യാഥാർഥ്യമാകില്ലെന്ന് ചിലർ പറഞ്ഞു. ക്ഷേത്രം പണിതാൽ നാട്ടിൽ തീ പടരുമെന്ന് ചിലർ പറഞ്ഞു. പക്ഷേ അവർ ഇപ്പോൾ അയോധ്യയിൽ വന്നു കാണണം. രാമൻ തീയല്ല, ഊർജമാണെന്ന് അവർ മനസ്സിലാക്കണം. രാമൻ തീയല്ല, ഊർജമാണ്. തർക്കമല്ല, പരിഹാരമാണ്’’– അദ്ദേഹം കൂട്ടിച്ചേർത്തു.