‘ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ’: സന്തോഷം പങ്കുവച്ച് ശ്രീരാമ വിഗ്രഹത്തിന്റെ ശിൽപി
Mail This Article
അയോധ്യ∙ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ താനാണെന്നു കരുതുന്നതായി രാമക്ഷേത്ര വിഗ്രഹത്തിന്റെ ശിൽപി അരുൺ യോഗിരാജ്. ‘‘ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാനാണെന്ന് കരുതുന്നു. പിതാമഹന്മാരുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം എനിക്കുണ്ടായി. ശ്രീരാമൻ എല്ലായിപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാനൊരു സ്വപ്നലോകത്തിലാണെന്നാണു ചിലപ്പോൾ തോന്നുന്നത്’’–വാർത്താ ഏജൻസി എഎൻഐയോട് അരുൺ യോഗിരാജ് പറഞ്ഞു.
51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിച്ചത്. 5 വയസ്സുള്ള ബാലന്റെ രൂപത്തിലാണു ശ്രീരാമ സങ്കൽപം. 300 കോടി വർഷം പഴക്കമുള്ള കല്ലിൽനിന്നാണു വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നതെന്നു ശിൽപി മൈസൂരു സ്വദേശി അരുൺ യോഗി രാജ് നേരത്തെ പറഞ്ഞിരുന്നു. 200 കിലോയോളം ഭാരമുണ്ട്. ആടയാഭരണങ്ങളണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യിൽ വില്ലും അമ്പുമുണ്ട്. വിഗ്രഹത്തിന്റെ മുകൾവശത്തു കിരീടത്തിനു മുകളിൽ പരമശിവൻ. രാമനവമി നാളിൽ സൂര്യപ്രകാശം മുകളിൽ പതിക്കുന്ന വിധത്തിലാണു ക്ഷേത്രനിർമിതി.
പ്രഭാമണ്ഡലത്തിൽ (വിഗ്രഹത്തിനു ചുറ്റുമുള്ള ആർച്ച് പോലെയുള്ള ഭാഗം) ഇരുവശത്തും മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ. ഒരുവശത്തു താഴെ ഭക്തഹനുമാൻ, മറുവശത്തു താഴെ ഗരുഡൻ. ദശാവതാരങ്ങൾക്കു മുകളിൽ ഇരുവശത്തുമായി അശ്വിനി ദേവകൾ, ഓംകാരം, ശംഖ്, ചക്രം, ഗദ, സ്വസ്തിക. വിഗ്രഹം നിൽക്കുന്ന താമരയ്ക്കു താഴെ ദ്വാരപാലകരായി വിവിധ ദേവതകൾ, എന്നിങ്ങനെയാണു ക്രമീകരണം.