ഞങ്ങൾ ആരാധിക്കുന്നത് ‘ഗാന്ധിജിയുടെ രാമനെ’, ബിജെപിയുടേതല്ല; ബിജെപിക്കെതിരെ സിദ്ധരാമയ്യ
Mail This Article
ബെംഗളൂരു∙ കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിജിയുടെ ശ്രീരാമനെയാണെന്നും, ബിജെപിയുടേതല്ലെന്നും വെളിപ്പെടുത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്കു പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. കർണാടകയിൽ മഹാദേവപുരയിൽ പണികഴിപ്പിച്ച സീതാരാമ ലക്ഷ്മണ ക്ഷേത്രം ഉദ്ഘാടനം ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
‘‘ഭഗവാൻ ശ്രീരാമനെ സീതയിൽനിന്നും ലക്ഷ്‌മണനിൽനിന്നും വേർപിരിക്കാനാണ് ബിജെപിയുടെ ശ്രമം. ലക്ഷ്‌മണനും സീതയുമില്ലാതെ രാമനില്ല. അയോധ്യയിൽ മാത്രമല്ല, ശ്രീരാമന്‍ സർവ്വവ്യാപിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം എന്റെ ഗ്രാമത്തിലെ ശ്രീരാമക്ഷേത്രത്തിലുമുണ്ടാകും. എന്റെ ജീവിതത്തിൽ ഇതുവരെ രാഷ്ട്രീയത്തിലേക്കു മതം കൊണ്ടുവന്നിട്ടില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയിലാണു ഞാൻ പ്രവർത്തിക്കുന്നത്. ശ്രീരാമൻ എല്ലാവരുടെയും ദൈവമാണ്. ഒരിക്കൽ അയോധ്യക്ഷേത്രത്തിൽ സന്ദർശനം നടത്തും’’ – സിദ്ധരാമയ്യ പറഞ്ഞു.
കർണാടകയിൽ മഹാദേവപുരയിലാണു സിദ്ധരാമയ്യ പണികഴിപ്പിച്ച സീതാരാമ ലക്ഷ്മണ ക്ഷേത്രം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കർണാടകയിൽ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സിദ്ധരാമയ്യ തള്ളിയിരുന്നു.