ശ്രീരാം ശോഭാ യാത്രയ്ക്കിടെ സംഘർഷം: മുംബൈ മിരാ റോഡിൽ ‘ബുൾഡോസർ ആക്ഷൻ’
Mail This Article
മുംബൈ ∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പും ശേഷവും അക്രമം നടന്ന മുംബൈയിലെ മിരാ റോഡ് പ്രദേശത്തെ ‘അനധികൃത’ നിർമാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പ്രദേശത്തെ 15 അനധികൃത നിർമാണങ്ങൾ തിങ്കളാഴ്ച തകർത്തതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും രണ്ട് വിഭാഗങ്ങൾ തമ്മിൽ കല്ലേറു നടന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
മിരാറോഡിലെ നയാ നഗറിലൂടെ ശ്രീരാം ശോഭാ യാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കാവിക്കൊടി വച്ച കാറുകളും ബൈക്കുകളും ഉൾപ്പെട്ടതായിരുന്നു റാലി. ഇതിനിടയിലാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഏതാനും പേർക്കു പരുക്കേറ്റു. അക്രമികള്‍ അനധികൃതമായി കൈയേറി നിർമിച്ച കെട്ടിടങ്ങളാണു തകർത്തതെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഹൈന്ദവ വിഭാഗത്തിലെ ചിലർ മുദ്രാവാക്യമുയർത്തി കടന്നുപോയതാണ് സംഘർഷത്തിന്റെ തുടക്കം. പിന്നാലെ മുസ്‍ലിം വിഭാഗത്തിലെ ചിലരുമായി തര്‍ക്കമുണ്ടാവുകയും സംഘർഷം രൂക്ഷമാവുകയും ചെയ്തെന്ന് ഡിസിപി ജയന്ത് ബാജ്ബാലെ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രിയോടെ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ബുൾഡോസർ ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾ തകർത്തിരുന്നു.