എല്ലാ രാമഭക്തരും ബിജെപിയെ പിന്തുണയ്ക്കുന്നവരല്ല, മതേതരത്വമെന്നത് ബഹുസ്വരത: ശശി തരൂർ
Mail This Article
തിരുവനന്തപുരം∙ എല്ലാ രാമഭക്തരും ബിജെപി പ്രവർത്തകരല്ലെന്നും മതേതരത്വമെന്നത് ബഹുസ്വരതയാണെന്നും കോൺഗ്രസ് എംപി ശശി തരൂർ. താനും രാമഭക്തനാണെന്നും ഭാവിയിൽ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഞാൻ എല്ലാദിവസവും പ്രാർഥിക്കുന്ന ദൈവത്തെ എന്തിനു ബിജെപിക്കു വിട്ടുനൽകണം? ബിജെപിക്ക് എല്ലാ രാമഭക്തരും അവർക്ക് വോട്ടു ചെയ്യണമെന്നാകും ആഗ്രഹം. എന്നാൽ എല്ലാ രാമഭക്തരും ബിജെപിയെ പിന്തുണയ്ക്കുന്നവരാണോ? കോണ്‍ഗ്രസ് എന്തിനു രാമനെ ബിജെപിക്ക് വിട്ടുനൽകണം? ഞങ്ങൾക്കും മതമുണ്ട്, പ്രാർഥിക്കാനുള്ള അവകാശവുമുണ്ട്. മതേതരത്വമെന്നതു മതമില്ലാത്ത സ്ഥിതിയല്ല, ബഹുസ്വരതയാണത്. എല്ലാവർക്കും തങ്ങൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം.
ഞാൻ ഒരു ക്ഷേത്രത്തിലേക്കു പോകുന്നുണ്ടെങ്കിൽ അതു പ്രാർഥിക്കാനാണ്. അല്ലാതെ രാഷ്ട്രീയ കാര്യങ്ങൾക്കല്ല. കോണ്‍ഗ്രസ് എതിർത്തത് രാമക്ഷേത്രത്തെയല്ല, അവിടെ നടന്ന പരിപാടിയെ രാഷ്ട്രീയവൽക്കരിച്ചതിനെയാണ്. ശ്രീരാമൻ ജനിച്ചിടത്ത് ക്ഷേത്രം വേണമെന്നത് എല്ലാ ഹിന്ദുക്കളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ അതിനായി ഒരു പള്ളി പൊളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല എന്നത് ഞാൻ എപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്’’ –തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം അയോധ്യയിലെ രാംലല്ല വിഗ്രഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച പശ്ചാത്തലത്തില്‍ എസ്എഫ്ഐ തരൂരിനെതിരെ മുദ്രാവാക്യങ്ങളും ബാനറുകളുമായി രംഗത്തുവന്നു. ജനാധിപത്യ മതേതര രാജ്യത്തിന് തരൂർ ഒരു കളങ്കമാണെന്ന് എസ്എഫ്ഐ ബാനറുകളിൽ കുറിച്ചു. എന്നാൽ സമൂഹമാധ്യമത്തിലെ തന്റെ സന്ദേശം വലിയ വിവാദമാക്കേണ്ടതില്ലെന്ന് തരൂർ പ്രതികരിച്ചു.