പെൻഷൻ ആവശ്യപ്പെട്ട് പഞ്ചായത്തിനു കത്തുനൽകിയ ഭിന്നശേഷിക്കാരൻ ജീവനൊടുക്കി
Mail This Article
കോഴിക്കോട്∙ പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ, ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ചക്കിട്ടപ്പാറ പഞ്ചായത്ത് മുതുകാട് വളയത്ത് ജോസഫ് (വി.പാപ്പച്ചൻ–77) ആണ് മരിച്ചത്. അയൽവാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുടങ്ങിയ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ ജോസഫ് പരാതി നൽകിയിരുന്നു. ഒരു വർഷം മുൻപു ഭാര്യ മരിച്ചതോടെ, കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ അനാഥാലയത്തിലാക്കിയിരുന്നു.
തന്റെയും മകളുടെയും പെൻഷൻ 15 ദിവസത്തിനകം അനുവദിക്കണമെന്ന് മന്ത്രി, ജില്ലാ കലക്ടർ, പെരുവണ്ണാമൂഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കു ജോസഫ് പരാതി നൽകിയിരുന്നു. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. ഒരാഴ്ച മുൻപ് പഞ്ചായത്ത് സെക്രട്ടറിക്കു വീണ്ടും പരാതി നൽകി.
‘‘മൂത്ത മകൾ ജിൻസി (47) കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാൻ നടക്കുന്നത്. ഞങ്ങൾ ജീവിക്കുന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വികലാംഗ പെൻഷൻ കൊണ്ടാണ്. പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെൻഷൻ അനുവദിക്കണം. ഇല്ലെങ്കിൽ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാൻ പഞ്ചായത്ത് ഓഫിസിൽ ആത്മഹത്യ െചയ്യാൻ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു.’’– കത്തിൽ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)