‘നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ചിട്ടുണ്ടോയെന്ന് സംശയം’: പ്രധാനമന്ത്രിക്കെതിരെ മുൻ കേന്ദ്രമന്ത്രി
Mail This Article
ബെംഗളൂരു∙ അയോധ്യ രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ചിട്ടുണ്ടോയെന്നു സംശയമുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‍ലി. വ്രതമനുഷ്ഠിക്കാതെയാണു പ്രധാനമന്ത്രി ഗർഭഗൃഹത്തിൽ പ്രവേശിച്ചതെങ്കിൽ ആ സ്ഥലം അശുദ്ധമായെന്നും അവിടെനിന്ന് ഇനി ഊർജം പുറപ്പെടുവിക്കില്ലെന്നും വീരപ്പ് മൊയ്‌ലി പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രഭാതസവാരിക്കിടെ ഞാൻ ഒരു ഡോക്‌ടറുമായി സംസാരിച്ചു. 11 ദിവസം വ്രതം അനുഷ്ഠിച്ചാൽ ഒരു മനുഷ്യന് ജീവിച്ചിരിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മോദി ജീവിച്ചിരിപ്പുണ്ടെങ്കിൽ അതൊരു അദ്ഭുതമല്ലേ? അതിനാൽ, അദ്ദേഹം വ്രതമനുഷ്ഠിച്ചിട്ടുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ട്.’’– വീരപ്പ മൊയ്‌ലി പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ചിരുന്നു. ചടങ്ങിനുശേഷം ക്ഷേത്രത്തിന്റെ ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് നൽകിയ തീർഥം കുടിച്ചാണ് പ്രധാനമന്ത്രി മോദി വ്രതം അവസാനിപ്പിച്ചത്.
വീരപ്പ മൊയ്‌ലിക്കെതിരെ ബിജെപി രംഗത്തെത്തി. മഹാനായ എഴുത്തുകാരന്റെ മുഖംമൂടി ധരിച്ച് നടക്കുന്ന വീരപ്പ മൊയ്‌ലി, എല്ലാവരും തന്നെപ്പോലെ വ്യാജന്മാരാണെന്നാണു കരുതുന്നതെന്ന് കർണാടക ബിജെപി എംപി ലഹർ സിങ് സിറോയ പറഞ്ഞു. ‘‘രാഷ്ട്രത്തിനു സത്യം അറിയാം. ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്തിയാൽ അല്ല, ശ്രീരാമനിൽ വിശ്വാസമുണ്ടെങ്കിൽ വ്രതമനുഷ്ഠിച്ചാലും അതിജീവിക്കാൻ കഴിയും. ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്തിയാലും ചിക്കബല്ലാപ്പൂരിൽനിന്ന് മത്സരിക്കാൻ മൊയ്‌ലിക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കില്ല.’’– സിറോയ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.