ADVERTISEMENT

തിരുവനന്തപുരം∙ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി അടിച്ചയാൾക്ക് സമ്മാനമായി അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടിരൂപ. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിനു തുക കൈമാറുന്നത്. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്ര സർക്കാർ നികുതിയും നൽകേണ്ടതുണ്ട്. ക്രിസ്മസ് – പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് 2 കോടി രൂപ കമ്മിഷനായി ലഭിക്കും. 

Read also: ക്രിസ്മസ്–ന്യൂ ഇയര്‍ ബംപർ അടിച്ചത് പാലക്കാട്; മറ്റു സമ്മാനങ്ങൾ ഏതൊക്കെ നമ്പറുകൾക്ക്, അറിയേണ്ടതെല്ലാം

അടുത്തിടെ വിറ്റ ബംപർ ടിക്കറ്റുകൾക്കെല്ലാം പാലക്കാടുമായി ബന്ധമുണ്ട്. കൂടുതൽ സമ്മാനങ്ങൾ ജില്ലയിൽനിന്നാണ്. അതുപോലെ കൂടുതൽ ടിക്കറ്റ് വിൽക്കുന്നതും പാലക്കാടാണ്. ക്രിസ്മസ് – പുതുവൽസര ബംപർ ടിക്കറ്റ് കൂടുതൽ വിറ്റതും പാലക്കാടു തന്നെ. ഓണം ബംപറിനാണ് ഉയർന്ന സമ്മാനത്തുക – 25 കോടി. തിരുവനന്തപുരത്ത് ഓണം ബംപർ അടിച്ച വ്യക്തി പേരു വെളിപ്പെടുത്തിയതോടെ വീട്ടിൽ സഹായം ആവശ്യപ്പെട്ട് എത്തുന്നവരുടെ തിരക്കുണ്ടായി ജേതാവിനും കുടുംബത്തിനും താൽക്കാലികമായി വീട്ടിൽനിന്ന് മാറിനിൽക്കേണ്ട സാഹചര്യത്തിലെത്തി. അതിനുശേഷം പ്രധാന സമ്മാനം അടിക്കുന്നവർ പേരുകൾ വെളിപ്പെടുത്താറില്ല. ടിക്കറ്റുകൾ രഹസ്യമായി ലോട്ടറി വകുപ്പിൽ ഏൽപ്പിക്കും. ഇത്തവണയും അങ്ങനെ സംഭവിക്കാനാണു സാധ്യതയെന്നു ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

1967 നവംബർ ഒന്നിനായിരുന്നു ആദ്യ ലോട്ടറി നറുക്കെടുപ്പ്. പി.കെ.കുഞ്ഞ് ആയിരുന്നു ധനമന്ത്രി. ഒരു ലക്ഷമായിരുന്നു ആദ്യഘട്ടത്തിൽ ബംപർ സമ്മാനം. കാക്കനാട് കെബിപിഎസ് പ്രസിൽ അച്ചടിക്കുന്ന ഭാഗ്യക്കുറികൾ 36 ജില്ലാ സബ് ഓഫിസുകളിലേക്ക് എത്തിക്കും. ഏജന്റുമാർ ഇവിടെ നിന്നാണു ടിക്കറ്റ് വാങ്ങുക. വിൽക്കാത്ത ടിക്കറ്റുകൾ ലോട്ടറി വകുപ്പു തിരിച്ചെടുക്കില്ല. ഏജന്റുമാർ വാങ്ങാതെ ലോട്ടറി ഓഫിസുകളിൽ അധികം വരുന്ന ടിക്കറ്റുകൾ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും. 50 ലക്ഷം ടിക്കറ്റുകളാണ് ക്രിസ്മസ് – പുതുവത്സര ബംപറിനായി അച്ചടിച്ചത്. 45 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഓണം ബംപറിനാണ് റെക്കോർഡ് കച്ചവടം. കഴിഞ്ഞ തവണ 65 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. വ്യാജനെ തടയാൻ തിളക്കമുള്ള മഷി ഉപയോഗിച്ച് ടിക്കറ്റ് അടിക്കാൻ തീരുമാനിച്ചതാണ് അടുത്തിടെ വന്ന മാറ്റം. ലോട്ടറി വകുപ്പിന്റെ ഭാഗ്യ കേരളം ആപ് ഉപയോഗിച്ചു ക്യുആർ കോഡ് സ്കാൻ ചെയ്താൽ ടിക്കറ്റ് വ്യാജനാണോ എന്ന കാര്യം അറിയാം. ടിക്കറ്റിനു സമ്മാനം ഉണ്ടോ എന്നറിയാനും ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.

ബംപർ ലോട്ടറി അടിക്കുന്നവർ തുക അനാവശ്യമായി ചെലവഴിക്കുന്നത് ഒഴിവാക്കാൻ ലോട്ടറി വകുപ്പ് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ പഠനമനുസരിച്ച് ലോട്ടറി അടിച്ച ഭൂരിപക്ഷം പേരും പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ച് നശിപ്പിക്കുകയാണെന്നു കണ്ടെത്തിയിരുന്നു. മക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും ധൂർത്തടിച്ച് നശിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ബന്ധുക്കൾ തമ്മിൽ തല്ലിപിരിഞ്ഞ കഥകളും അനേകം. ലോട്ടറി വകുപ്പ് ബംപർ സമ്മാനം ഏർപ്പെടുത്തി തുടങ്ങിയ കാലത്ത് 10 ലക്ഷം രൂപ സമ്മാനം അടിച്ചയാൾ ഒറ്റയ്ക്കു സിനിമ കാണാൻ തിയറ്റർ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്യുകയും പിന്നീട് ധൂർത്തിലൂടെ ദാരിദ്ര്യത്തിലേക്കു പോകുകയും ചെയ്ത സംഭവവുമുണ്ട്. ഉചിതമായ നിക്ഷേപ രീതികൾ പഠിപ്പിക്കുന്നതിലൂടെ  ഇതെല്ലാം ഒരുപരിധിവരെ അവസാനിപ്പിക്കാനാകുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ലോട്ടറി അടിച്ചയാൾ 30 ദിവസത്തിനകം ടിക്കറ്റിന്റെ ഒറിജിനൽ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നിൽ ഹാജരാക്കണം. ഒരു ലക്ഷംവരെയുള്ള സമ്മാനം ജില്ലാ ലോട്ടറി ഓഫിസ് വഴി വിതരണം ചെയ്യാം. ഒരു ലക്ഷത്തിനു മുകളിൽ സമ്മാനമുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ടറേറ്റിൽ സമർപ്പിക്കുമ്പോൾ ടിക്കറ്റിനു പുറകിൽ പേരും ഒപ്പും വിലാസവും രേഖപ്പെടുത്തണം. ലോട്ടറി അടിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തിയ കടലാസിനൊപ്പം ടിക്കറ്റിന്റെ രണ്ടു വശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി നൽകണം. ഗസറ്റ് ഓഫിസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ കൈമാറണം. സമ്മാനം സ്വീകരിക്കുന്നതായി നിശ്ചിത ഫോമിൽ രേഖപ്പെടുത്തി ഒരു രൂപയുടെ റവന്യൂ സ്റ്റാംപ് ഒട്ടിച്ച് വിലാസം രേഖപ്പെടുത്തണം. 

പ്രായപൂർത്തിയാകാത്തവർക്കാണ് ലോട്ടറി അടിച്ചതെങ്കിൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഹാജരാക്കണം. രണ്ടുപേർ ചേർന്നാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും പണം കൈമാറുന്നത്. ഇതിനായി രണ്ടുപേരും തുക പങ്കുവയ്ക്കുന്നതായുള്ള സത്യവാങ്മൂലം 50 രൂപയുടെ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകണം. പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി നൽകണം. റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ഇലക്‌ഷൻ ഐഡി ഇതിലേതെങ്കിലും ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം. ഈ രേഖളെല്ലാം ഉൾപ്പെടുത്തി ടിക്കറ്റ് ബാങ്കുകളിലും (നാഷണലൈസ്ഡ്–ഷെഡ്യൂൾ) സഹകരണ ബാങ്കുകളിലും സമർപ്പിക്കാം. ബാങ്ക് അധികൃതർ ലോട്ടറി വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചശേഷം അവകൂടി ഉൾപ്പെടുത്തി ടിക്കറ്റ് ഡയറക്ടറേറ്റിനു സമർപ്പിക്കണം. സമ്മാനാർഹർ എത്തിയില്ലെങ്കിൽ ആ തുക സർക്കാരിലേക്കു പോകും.

∙ യന്ത്രത്തിൽ നറുക്കെടുപ്പ് 

12 സീരീസ് ആണ് ഓരോ ഭാഗ്യക്കുറിക്കും ഉണ്ടാവുക. ലോട്ടറി ടിക്കറ്റിന്റെ മുകളറ്റത്ത് ഇംഗ്ലിഷ് അക്ഷരങ്ങളിലുള്ളതാണു സീരീസ് നമ്പർ. ഇതിനൊപ്പമുള്ള നമ്പർ, ആ ലോട്ടറിയുടെ എത്രാമത്തെ നറുക്കെടുപ്പാണു നടക്കുന്നതെന്നുള്ളതു സൂചിപ്പിക്കുന്നു. ഒരു ലക്ഷത്തിൽ ആരംഭിക്കുന്ന നമ്പരുകളാണു ഭാഗ്യക്കുറി ടിക്കറ്റിൽ അച്ചടിക്കുന്നത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ചാണു നറുക്കെടുപ്പ്. 12 സീരീസുകളിൽ ഏതിനാണു സമ്മാനം നൽകേണ്ടതെന്നാണ് ആദ്യം നറുക്കെടുപ്പിലൂടെ തീരുമാനിക്കുക.  പിന്നീട് ഓരോ സീരീസിലും സമ്മാനം നൽകേണ്ട നമ്പറുകൾ നറുക്കെടുപ്പിലൂടെ കണ്ടെത്തും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്കു മാത്രമാണു സീരീസുൾപ്പെടെ പരിഗണിച്ചു സമ്മാനം കണ്ടെത്തേണ്ടത്. തുടർന്നുള്ള സമ്മാനങ്ങളെല്ലാം ടിക്കറ്റിന്റെ നമ്പറിലെ ഒടുവിലെ 4 അക്കങ്ങളെ അടിസ്ഥാനമാക്കിയാണു നൽകുക. ഈ 4 അക്കങ്ങളിലെ ഓരോന്നായി യന്ത്രം ഉപയോഗിച്ചു കണ്ടെത്തുകയാണ്. ജനപ്രതിനിധികളുടെയും കലാ, സാംസ്കാരിക രംഗത്തുമുള്ളവരുടെയും പാനൽ രൂപീകരിച്ചാണു നറുക്കെടുപ്പു നടത്തുന്നത്. 

English Summary:

Christmas New Year Bumper Lottery winner gets Rs 12.60 crores in account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com