എംഡിഎംഎ ആണെന്നു കരുതി കസ്റ്റഡിയിലെടുത്തത് ഇന്തുപ്പ്; വീണ്ടും പിഴവുപറ്റി എക്സൈസ്
Mail This Article
വടകര (കോഴിക്കോട്)∙ തട്ടുകടയിൽനിന്ന് എംഡിഎംഎ എന്നു കരുതി എക്സൈസ് കസ്റ്റഡിയിൽ എടുത്തത് ഇന്തുപ്പ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്നലെ ഉച്ചയോടെ കേരള കൊയർ പരിസരത്തെ തട്ടുകടയിൽനിന്നാണ് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച വെള്ളപ്പൊടി എക്സൈസ് പിടികൂടിയത്. എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യ ഫോൺ കോൾ കിട്ടിയതിനെ തുടർന്നായിരുന്നു പരിശോധന.
എന്നാൽ രാസ പരിശോധനയിൽ ഇന്തുപ്പ് ആണെന്നു മനസിലായതോടെ കേസ് ഉപേക്ഷിച്ചു. ഇന്തുപ്പ് സൂക്ഷിച്ചത് കണ്ടാൽ ലഹരി വസ്തുവാണെന്നു സംശയിക്കുന്ന തരത്തിലായിരുന്നു. ഇതോടെയാണ് എക്സൈസ് ആശയക്കുഴപ്പത്തിലായത്. സമാന സ്വഭാവമുള്ള കേസിൽ എക്സൈസിനും പൊലീസിനും പറ്റിയ അമളികൾ വിവാദമായിരുന്നു.
അതേസമയം, ഈ ഭാഗത്തെ ചില കേന്ദ്രങ്ങളിൽ ലഹരി വസ്തു വിൽപന വ്യാപകമാണെന്ന പരാതിയുണ്ട്. അർധരാത്രി കഴിഞ്ഞും പല ഭാഗത്തുനിന്നും ഇവിടേക്ക് ആളുകളെത്തുന്നതായി പരാതിയുണ്ട്.