ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി; തിരഞ്ഞെടുപ്പിനു മുൻപേ ഇന്ത്യ മുന്നണിക്ക് തിരിച്ചടി
Mail This Article
കൊൽക്കത്ത∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനർജി. ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ സംബന്ധിച്ച് കോൺഗ്രസുമായി യോജിപ്പിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പു ഫലത്തിനുശേഷം മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മമത വ്യക്തമാക്കി.
‘‘എനിക്ക് കോൺഗ്രസുമായി ഒരു ബന്ധവുമില്ല... ബംഗാളിൽ ഞങ്ങൾ ഒറ്റയ്ക്ക് പോരാടും. തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തിൽ തീരുമാനം എടുക്കും.’’– മമത ബാനർജി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് വരുന്ന കാര്യം തന്നെ അറിയിക്കാനുള്ള മര്യാദ പോലും കോൺഗ്രസിനില്ലെന്നും മമത തുറന്നടിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ 2 സീറ്റ് നൽകാമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിയിരുന്നു. 6 സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസും അത്രയും ജയിക്കാനുള്ള കെൽപ് കോൺഗ്രസിനില്ലെന്നു തൃണമൂലും വ്യക്തമാക്കിയതോടെ ‘ഇന്ത്യ’ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ പ്രതിസന്ധി രൂക്ഷമായി.
നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള 2 സീറ്റ് നൽകാമെന്നു തൃണമൂൽ നിലപാടെടുത്തതാണു കല്ലുകടിയായത്. ഈ സീറ്റുകളിൽ മത്സരിക്കാൻ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലെന്നു പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.
തൃണമൂലുമായി സഖ്യം വേണ്ടെന്നും സിപിഎമ്മുമായി കൈകോർക്കാമെന്നുമാണു സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, തൃണമൂലിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനിടെയാണ് ഒറ്റയ്ക്കു മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വരുന്നത്.