ഇന്ത്യയുടെ ‘ബ്രഹ്മാസ്ത്ര’മായ ബ്രഹ്മോസ് കയറ്റുമതി ചെയ്യും; ആവശ്യവുമായി രാജ്യങ്ങൾ
Mail This Article
ന്യൂഡല്‍ഹി ∙ റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ചതും ലോകത്തിലെ ഏറ്റവും മികച്ചതെന്നു വിശേഷണമുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. 10 ദിവസത്തിനകം ബ്രഹ്മോസിന്റെ ഗ്രൗണ്ട് സിസ്റ്റംസ് കയറ്റുമതി ചെയ്യുമെന്നു പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു.
ഈ വർഷം മാര്‍ച്ചോടെ കയറ്റുമതി തുടങ്ങാമെന്നാണു പ്രതീക്ഷയെന്നു ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. സമീര്‍ വി.കാമത്ത് വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങള്‍ക്കാകും മിസൈലുകള്‍ വില്‍ക്കുക. ഫിലിപ്പീന്‍സിന് ആദ്യം നൽകും. മറ്റു രാജ്യങ്ങളും മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ പ്രതിരോധ സംവിധാനങ്ങൾ 6 മാസത്തിനകം സൈന്യത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരയില്‍നിന്നും വിമാനത്തില്‍നിന്നും അന്തര്‍വാഹിനികളില്‍നിന്നും ബ്രഹ്മോസ് തൊടുക്കാനാകും. ആയുധങ്ങൾ വിദേശങ്ങളിൽനിന്നു വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ബ്രഹ്മോസിലൂടെ ഈ രീതി മാറ്റാനാണു ശ്രമം. ഫിലിപ്പീൻസിനു പിന്നാലെ വിയറ്റ്‌നാമും ഇന്തൊനീഷ്യയും ബ്രഹ്മോസ് വാങ്ങാൻ താൽപര്യം അറിയിച്ചു. 2001ൽ ആദ്യ പരീക്ഷണം നടത്തിയ ബ്രഹ്മോസിന്റെ വിവിധ വേരിയന്റുകൾ നിലവിൽ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ കൈവശമുണ്ട്.