ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി; അമിത് ഷാ, നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തി
Mail This Article
ന്യൂഡൽഹി∙ കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെഡിയൂരപ്പ, സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്.
പിന്നാലെ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നേരത്തേ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷെട്ടർ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.എസ്.യെഡിയൂരപ്പയും ഷെട്ടറിനൊപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ ചേർന്നത്.
കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിജെപി വിട്ട് കോൺഗ്രസില്‍ ചേർന്നത്. തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കർണാടക നിയമനിർമാണ കൗൺസിലിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ടു.