ഭാരത് ജോഡോ യാത്രയിൽ നിതീഷ് പങ്കെടുത്തേക്കില്ല; കോൺഗ്രസ് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേർന്നേക്കും
Mail This Article
ന്യൂഡൽഹി∙ ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബിജെപിയുമായി ചർച്ച തുടങ്ങിയെന്നാണ് വിവരം. ബിഹാർ പാർട്ടി അധ്യക്ഷനെ ബിജെപി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ അനുനയ നീക്കവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. ലാലു നിതീഷിനെ വിളിച്ചതായാണ് റിപ്പോർട്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിൽക്കുമെന്ന് നിതീഷ് കുമാർ അറിയിച്ചതായാണ് റിപ്പോർട്ട്. സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ നീളുന്നതിൽ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതെന്നുമാണ് വിവരം. കോൺഗ്രസിന്റെ ഷക്കീൽ അഹ്മദ് ഖാൻ മുഖേന നിതീഷിനെ യാത്രയിലേക്ക് ക്ഷണിച്ചെങ്കിലും യാത്ര ബിഹാറിൽ എത്തുമ്പോൾ അതിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് നിതീഷ് അറിയിച്ചതെന്നാണ് റിപ്പോർട്ട്.
Read also: ജഗദീഷ് ഷെട്ടർ ബിജെപിയിൽ തിരിച്ചെത്തി; അമിത് ഷാ, നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തി
അതിനിടെ ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപൂരി ഠാക്കുറിനു ഭാരതരത്നം നൽകാൻ തീരുമാനിച്ചതിന് എൻഡിഎ സർക്കാരിന് നിതീഷ് നന്ദി അറിയിച്ചിരുന്നു. കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെഡിയു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2005ൽ ബിഹാറിൽ താൻ അധികാരത്തിലെത്തിയതു മുതൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്നും മോദി സർക്കാരാണ് ഇത് യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ യാത്രയിൽനിന്ന് നിതീഷ് വിട്ടു നിൽക്കുന്നതും ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാകും. നേരത്തെ ബംഗാളിൽ തൃണമൂലും പഞ്ചാബിൽ എഎപിയും ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും അറിയിച്ചിരുന്നു. സീറ്റ് വിഭജന ചർച്ചകൾ വൈകുന്നതിൽ പ്രതിപക്ഷ പാർട്ടികൾ അസ്വസ്ഥരാണ് എന്ന് തെളിയിക്കുന്നതാണ് ഈ ദിവസങ്ങളിൽ നടന്ന രാഷ്ട്രീയ ചുവടുമാറ്റങ്ങൾ.