പത്മശോഭയിൽ 9 മലയാളികൾ; ജസ്റ്റിസ് എം. ഫാത്തിമാബീവി, ഒ.രാജഗോപാൽ, ഉഷ ഉതുപ്പ് എന്നിവർക്ക് പത്മഭൂഷൺ
Padma Awards 2024
Mail This Article
ന്യൂഡൽഹി∙ മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി.
മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി.നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി.ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.
അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്.
കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവർക്കും പത്മശ്രീയുണ്ട്.
പത്മ പുരസ്കാരങ്ങളിൽ 9 എണ്ണം മരണാനന്തര ബഹുമതിയാണ്. ജേതാക്കളിൽ 30 പേർ വനിതകളും 8 പേർ വിദേശ ഇന്ത്യക്കാരുമാണ്. ഇന്നലെ രാത്രി വൈകിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ.