ജന്തു പരാമർശം : സാബു എം.ജേക്കബിനെതിരെ കേസെടുത്തു പൊലീസ്
Mail This Article
കൊച്ചി ∙ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ശ്രീനിജിനെ ലക്ഷ്യം വച്ചുള്ള ജന്തു പരാമർശം കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് എഫ്ഐആറിൽ പറയുന്നു. പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു എം.ജേക്കബ് അവഹേളിച്ചതെന്നാണ് പരാതി. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു.
പ്രസംഗം ശ്രീനിജിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബു എം.ജേക്കബിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിൽ പരിപാടികൾക്ക് ചെല്ലുമ്പോൾ ട്വന്റി20 അംഗങ്ങളായ ഭരണസമിതി അംഗങ്ങൾ വേദിയിൽനിന്ന് ഇറങ്ങിപ്പോവുന്നത് ജാതി അധിക്ഷേപമായി കണക്കാക്കണം എന്നായിരുന്നു ശ്രീനിജിന്റെ ആവശ്യം.