ഇന്ത്യ മുന്നണിയുടെ പരാജയത്തിന് കാരണം അധീർ രഞ്ജൻ ചൗധരി: കുറ്റപ്പെടുത്തി തൃണമൂൽ കോൺഗ്രസ്
Mail This Article
കൊൽക്കത്ത∙ പൊതുതിരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, ഇന്ത്യ മുന്നണിയുടെ പരാജയത്തിന് കാരണം അധീർ രഞ്ജൻ ചൗധരിയെന്ന് കുറ്റപ്പെടുത്തി തൃണമൂൽ കോൺഗ്രസ്.
Read more: ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്: ടൊവിനോ തോമസ്
ബിജെപിയുടെ ഭാഷയാണ് ചൗധരി സംസാരിക്കുന്നതെന്നും മമതാ ബാനർജിയെ ഇകഴ്ത്താൻ പതിവായി പത്രസമ്മേളനങ്ങൾ നടത്താറുണ്ടെന്നും ടിഎംസി എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു. ബംഗാളിൽ സഖ്യം പ്രവർത്തിക്കാത്തതിന്റെ പ്രധാന കാരണം അധീർ രഞ്ജൻ ചൗധരി തന്നെയാണെന്ന് ഒബ്രിയൻ ആവർത്തിച്ച് പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിരവധി വിമർശകരുണ്ടെന്നും അവരിൽ പ്രമുഖർ ബിജെപിയും ചൗധരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ നിർദേശപ്രകാരമാണ് ചൗധരി സഖ്യത്തിനെതിരെ പ്രവർത്തിക്കുന്നത്. ശബ്ദം ചൗധരിയുടേതാണെങ്കിലും നിർദ്ദേശങ്ങൾ ഡൽഹിയിൽ നിന്നാണ്. രണ്ട് വർഷമായി അധിർ ചൗധരി ബിജെപിയുടെ ഭാഷയാണ് സംസാരിച്ചത്. ഒരിക്കൽ പോലും ബംഗാളിന് കേന്ദ്ര ഫണ്ട് നഷ്ടപ്പെടുന്ന കാര്യം അദ്ദേഹം ഉന്നയിച്ചിട്ടില്ല. ഒബ്രിയൻ പറഞ്ഞു.
അതേസമയം, പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ ഗണ്യമായ സീറ്റുകളിൽ പരാജയപ്പെടുത്തിയാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയും തൃണമൂൽ കോൺഗ്രസ് നൽകി. അത്തരമൊരു സാഹചര്യത്തിൽ തൃണമൂൽ ഭരണഘടനയെയും ബഹുസ്വരതയെയും വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന മുന്നണിയുടെ ഭാഗമാകുമെന്ന് ഒബ്രിയൻ പറഞ്ഞു.
മമത ബാനർജിയെ വശത്താക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മമതയില്ലാത്ത ഇന്ത്യാ മുന്നണിയെക്കുറിച്ച് സങ്കൽപ്പിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ബംഗാളിൽ ഒറ്റയ്ക്ക് പോകാനാണ് പാർട്ടിയുടെ തീരുമാനമെന്നും മമത പറഞ്ഞിരുന്നു.