ADVERTISEMENT

ന്യൂഡൽഹി∙ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന പരേഡിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥി ഇമ്മാനുവൽ മക്രോയും രാഷ്ട്രപതിഭവനിൽനിന്ന് എത്തിയത് ആറു കുതിരകൾ വലിച്ച രഥത്തിലാണ്. കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്ന രഥത്തിൽ കർത്തവ്യപഥിൽ കൂടിനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചാണ് ഇരുവരും കടന്നുവന്നത്. സാധാരണയായി കവചിത (ബുള്ളറ്റ് പ്രൂഫ്) മോട്ടർ വാഹനത്തിലാണ് രാഷ്ട്രപതി റിപ്പബ്ലിക് ദിന പരേഡിന് എത്തുന്നത്. 40 വർഷങ്ങൾക്കു ശേഷമാണ് റിപ്പബ്ലിക് ദിനാഘോഷ വേദിയിലേക്ക് രാഷ്ട്രപതിയെ വഹിച്ചുകൊണ്ട് കുതിരകൾ വലിക്കുന്ന രഥം എത്തുന്നത്.  1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് രഥം ഉപയോഗിക്കുന്നത് നിര്‍ത്തിയത്.

Read also: വനിതാ ശാസ്ത്രജ്ഞരെ അണിനിരത്തി റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ആർഒയുടെ നിശ്ചലദൃശ്യം– വിഡിയോ

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ വൈസ്രോയിമാർ ഉപയോഗിച്ചിരുന്നതാണ് ഈ രഥം. ആറു കുതിരകൾ വലിക്കുന്ന കറുത്ത നിറത്തിലുള്ള വാഹനത്തിൽ ചുവന്ന വെൽവെറ്റ് തുണി വിരിച്ചിട്ടുണ്ട്. അരികുഭാഗങ്ങളെല്ലാം സ്വർണനിറത്തിലുള്ള നൂലുകൊണ്ട് അലങ്കരിച്ചിരിക്കുകാണ്. അശോകചക്രവും രഥത്തിൽ പതിച്ചിട്ടുണ്ട്. ആഘോഷവേളകളിൽ ചെറിയദൂരത്തിൽ സഞ്ചരിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ ഈ രഥത്തിനു മേൽ ഇന്ത്യയും പാക്കിസ്ഥാനും അവകാശം ഉന്നയിച്ചു. തുടർന്ന് നാണയം ടോസ് ചെയ്ത് തീരുമാനിക്കാമെന്നതിലേക്ക് ഇരു രാജ്യങ്ങളും എത്തിച്ചേർന്നു. 

ഇന്ത്യൻ കേണൽ താക്കൂർ ഗോവിന്ദ് സിങ്ങിന്റെയും പാക്കിസ്ഥാന്റെ സഹാബ്സാദ യാക്കൂബ് ഖാന്റെയും നേതൃത്വത്തിൽ അങ്ങനെ നാണയം കറക്കി. ഭാഗ്യം തൊട്ടതാകട്ടെ ഇന്ത്യയ്ക്കും. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ഭവനിൽനിന്ന് പാർലമെന്റിലേക്ക് പോകാൻ രാഷ്ട്രപതി ഇത് ഉപയോഗിച്ചു പോന്നു. കൂടാതെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തി സൂചിപ്പിക്കാൻ ജനുവരി 29ന് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി പോയിരുന്നതും ഇതേ രഥത്തിലാണ്. എന്നാൽ പതിയേ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് തുറന്ന വാഹനത്തിലുള്ള രാഷ്ട്രപതിയുടെ യാത്ര റദ്ദാക്കി. ഇതിന്റെ സ്ഥാനത്ത് പിന്നീട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇടംപിടിച്ചു. തുടർന്ന് 2014ൽ ബീറ്റിങ് റിട്രീറ്റ് പരിപാടിയിൽ പങ്കെടുക്കാനായി അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ചരിത്രപരമായ രഥം തിരികെ കൊണ്ടുവന്നത്.  

റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ

English Summary:

A Lucky Coin Toss With Pakistan: How India Got Buggy Used By President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com