‘ന്യായ് യാത്രയ്ക്ക് ബംഗാളിലും പ്രശ്നങ്ങൾ’: സർക്കാരിനെതിരെ കോൺഗ്രസ്; മറുപടിയുമായി തൃണമൂൽ
Mail This Article
സില്ലിഗുരി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലും പ്രശ്നങ്ങൾ നേരിടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ്. യാത്രയുടെ ഭാഗമായിട്ടുള്ള പൊതുസമ്മേളനങ്ങൾക്ക് അനുമതി നിഷേധിക്കുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
‘‘ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കോൺഗ്രസിന് ചില സ്ഥലങ്ങളിൽ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കേണ്ടതായുണ്ട്. എന്നാൽ അതിന് അനുമതി ലഭിക്കുന്നില്ല. സ്‌കൂൾ പരീക്ഷകൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്. അസമിലേത് പോലെയാണ് തൃണമൂലിന്റെ ബംഗാളിലും നേരിടുന്നത്. ചില ഇളവുകൾ നേടാനാകുമെന്ന് തന്നെയായിരുന്നു ഇതുവരെയുള്ള പ്രതീക്ഷകൾ. എന്നാൽ അനുമതി നൽകാനാകില്ലെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്.’’– അധീർ രഞ്ജൻ ചൗധരി മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെ ബംഗാളിൽ പ്രവേശിച്ച യാത്ര 28ന് പുനഃരാരംഭിക്കും. അധീറിന്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
‘‘ബംഗാളിലെ ഇന്ത്യ മുന്നണിയുടെ വീഴ്ചയ്‌ക്ക് അധീർ രഞ്ജൻ ചൗധരിയാണ് ഉത്തരവാദി. ബംഗാളിൽ മറ്റുപ്രതിപക്ഷ പാർട്ടികളെല്ലാം ഓരോ പരിപാടികൾ നടത്തുന്നുണ്ട്. അവരൊന്നും യാതൊരു പ്രശ്നവും നേരിടുന്നില്ല. പരീക്ഷകൾ കണക്കിലെടുത്താകും ഭരണകൂടത്തിന്റെ നടപടി’’–തൃണമൂൽ എംപി ശാന്തനു സെൻ മറുപടി നൽകി.
അധീർ രഞ്ജൻ ചൗധരി ബിജെപിക്കായി കളിക്കുകയാണെന്ന് തൃണമൂൽ വക്താവ് കുനാൽഘോഷ് ആരോപിച്ചു. ബംഗാളിലൂടെ യാത്ര കടന്നുപോകുന്നതിന് അനുമതിയുടെ പ്രശ്നങ്ങളില്ല. കോൺഗ്രസിന്റെ ലക്ഷ്യം തൃണമൂലിനെ ശല്യപ്പെടുത്തലെന്നും അദ്ദേഹം പറഞ്ഞു.